സംസ്ഥാന സ്കൂൾ കലോത്സവം; പാഠം ഒന്ന് കലവറ നിറയ്ക്കൽ
text_fieldsതിരുവനന്തപുരം: ക്രിസ്മസ് അവധി കഴിഞ്ഞുള്ള സ്കൂളിലെ ആദ്യ ദിനത്തിൽ പുസ്തകങ്ങൾക്കൊപ്പം തേങ്ങയും അരിയും റവപ്പൊടിയും പഞ്ചസാരയുമൊക്കെ കുട്ടികൾ കൈയിൽ കരുതിയിരുന്നു. തിരുവനന്തപുരം ആതിഥ്യമേകുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കലിന് തങ്ങളുടേതായ പങ്ക് സമ്മാനിക്കുകയായിരുന്നു വിദ്യാർഥിനികൾ.
കലോത്സവത്തിന് ഭക്ഷണമൊരുക്കാനുള്ള വിഭവസമാഹരണമായ കലവറ നിറയ്ക്കലിന്റെ ജില്ലതല ഉദ്ഘാടനം കോട്ടൺഹിൽ ഗവ. ജി.എച്ച്.എസ്.എസിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ കൊണ്ടുവന്ന വിഭവങ്ങൾ മന്ത്രി ഏറ്റുവാങ്ങി.
ഭക്ഷണ കമിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷണ കമിറ്റി കൺവീനർ എ. നജീബ്, ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷൈലജബീഗം, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ. ബദറുന്നിസ, ഡി.ഡി.ഇ സുബിൻ പോൾ, ഡി.ഇ.ഒ ആർ. ബിജു, എ.ഇ.ഒ രാജേഷ് ബാബു, പ്രിൻസിപ്പൽ വി. ഗ്രീഷ്മ, എച്ച്.എം ജി. ഗീത, എസ്. അനിത, അരുൺമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
അരി, പഞ്ചസാര, പയർ, പരിപ്പ്, വെളിച്ചെണ്ണ, നെയ്യ്, പച്ചക്കറികൾ, കുരുമുളക്, അട, റവ, ഉഴുന്ന് തുടങ്ങി 40 വിഭവങ്ങളാണ് ജില്ലയിലെ സ്കൂൾ വിദ്യാർഥികളിൽ നിന്നായി ശേഖരിക്കുന്നത്. വിഭവശേഖരണം നിർബന്ധിതമോ അളവ് നിശ്ചയിച്ചിട്ടുള്ളതോ അല്ല. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കലാണ് ലക്ഷ്യം.
ബി.ആർ.സികളിൽ നിന്ന് പുത്തരിക്കണ്ടത്ത് എത്തിക്കുന്ന ഭക്ഷ്യസാധനങ്ങൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി ജി.ആർ അനിൽ ഏറ്റുവാങ്ങും. വെള്ളിയാഴ്ച രാവിലെ 10.30ന് ഊട്ടുപുരയുടെ പാലുകാച്ചൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ശനിയാഴ്ച ഊട്ടുപുരയുടെ ഉദ്ഘാടനം പ്രഭാതഭക്ഷണം വിളമ്പി മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.