സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം
text_fieldsതിരുവനന്തപുരം: പരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും പുതുപാഠങ്ങൾ പങ്കുവെച്ച് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കം. കരവിരുതിന്റെ സാക്ഷ്യപ്പെടുത്തലും കണ്ടെത്തലുകളുടെ വലിയ പ്രതീക്ഷകളും സമ്മാനിച്ചാണ് 180 ഇനങ്ങളിലായി ഏഴായിരത്തോളം വിദ്യാർഥികൾ തലസ്ഥാനത്ത് ഒത്തുചേരുന്നത്.
ശാസ്ത്രമേളക്ക് സെന്റ് ജോസഫ് സ്കൂളും ഗണിതശാസ്ത്രമേളക്ക് പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസും സാമൂഹിക ശാസ്ത്രമേള, ഐ.ടി മേള എന്നിവക്ക് കോട്ടൺഹിൽ ഗവ. ഗേൾസ് സ്കൂളുമാണ് വേദി. വൊക്കേഷനൽ എക്സ്പോയും കരിയർ ഫെസ്റ്റും മണക്കാട് വി.എച്ച്.എസ്.എസിലാണ്.
ആദ്യദിനം വിവിധയിനങ്ങളിൽ ക്വിസ് മത്സരങ്ങൾ നടന്നു. ഇതര മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും. ശാസ്ത്രവിഭാഗത്തിൽ 18 ഇനങ്ങളും ഗണിതശാസ്ത്ര വിഭാഗത്തിൽ 29 ഇനങ്ങളുമാണുള്ളത്. സാമൂഹിക ശാസ്ത്രമേളയിൽ 15ഉം പ്രവൃത്തിപരിചയമേളയിൽ 102ഉം ഐ.ടി. വിഭാഗത്തിൽ 16 ഉം ഇനങ്ങളുണ്ട്. വൊക്കേഷനൽ എക്സ്പോയിൽ ഏഴുമേഖലകളിൽ നടന്ന എക്സ്പോയിൽ പങ്കെടുത്ത് ഒന്നു മുതൽ മൂന്നു വരെ സ്ഥാനം നേടിയ 84 ടീമുകൾ പങ്കെടുക്കുന്നു.
ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി വിപുല സൗകര്യമാണ് സജ്ജമാക്കിയിട്ടുള്ളത്. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് തുടങ്ങി. താമസസ്ഥലങ്ങളിൽനിന്ന് വേദിയിൽ പോകുന്നതിനും തിരികെ എത്തുന്നതിനും വാഹന സൗകര്യമുണ്ട്.
തൈക്കാട് ഗവ. മോഡൽ എൽ.പി.എസിലാണ് ഭക്ഷണശാല. മേളയുടെ സുഗമമായ നടത്തിപ്പിന് 19 സബ് കമ്മിറ്റികളുണ്ട്. മത്സരഫലം mela.kite.kerala.gov.in ൽ പരിശോധിക്കാം. വൊക്കേഷനൽ എക്സ്പോ, കരിയർഫെസ്റ്റ്-കരിയർ സെമിനാർ എന്നിവ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് എ.എ. റഹിം എം.പി ഉദ്ഘാടനം ചെയ്യും.
പാഠ്യപദ്ധതി പരിഷ്കരണം ശാസ്ത്രത്തിലും ശാസ്ത്രീയതയിലും ഊന്നി- മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ശാസ്ത്രത്തിലും ശാസ്ത്രീയതയിലും ഊന്നുന്ന പാഠ്യപദ്ധതി പരിഷ്കരണമാണ് കേരളത്തിൽ നടന്നുവരുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. പരിണാമ സിദ്ധാന്തമടക്കമുള്ളവ പാഠ്യപദ്ധതിയിൽ നിലനിർത്തും. ഇക്കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചക്കും തയാറാകില്ലെന്നും ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള സന്ദേശത്തിൽ മന്ത്രി പറഞ്ഞു. അന്വേഷിക്കാനും നവീകരിക്കാനും ശാസ്ത്രപഠനം യുവ മനസ്സുകളെ പ്രാപ്തരാക്കുന്നു. ജിജ്ഞാസയുടെയും വിമർശനാത്മക ചിന്തയുടെയും സംസ്കാരവും ശാസ്ത്രോത്സവങ്ങൾ രൂപപ്പെടുത്തുന്നുവെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.