സംസ്ഥാന സ്കൂൾ കായികമേള: കൗമാരകേരളത്തെ വരവേറ്റ് തലസ്ഥാനം; നാല് ദിനരാത്രങ്ങൾ, 2737 കായികതാരങ്ങൾ
text_fieldsതിരുവനന്തപുരം: അതിരുകളില്ലാത്ത ആകാശത്തിന് കീഴിൽ മഴമേഘങ്ങളെ സാക്ഷിയാക്കി ട്രാക്കിലും ഫീൽഡിലും പുതിയ ഉയരവും ദൂരവും വേഗവും കണ്ടെത്താൻ കൗമാരകേരളം ശനിയാഴ്ച അനന്തപുരിയുടെ മണ്ണിൽ ഇറങ്ങുന്നു.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂനിവേഴ്സിറ്റി സ്റ്റേഡിയങ്ങളിലായി നാല് ദിനരാത്രങ്ങൾ നീളുന്ന പോരാട്ടത്തിൽ 14 ജില്ലകളിലെ 2737 കായികതാരങ്ങളാണ് മെഡൽ തേടി ഇറങ്ങുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ മത്സരത്തിനായി എത്തിയ താരങ്ങളെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വയനാട് ജില്ലയിൽ നിന്നുള്ള 150 ഓളം കായികതാരങ്ങളാണ് മത്സരത്തിനായി ആദ്യമെത്തിയത്. തുടർന്ന് വൈകീട്ട് ഏഴോടെ പരശുറാം എക്സ്പ്രസിൽ വിവിധ ജില്ലകളിൽ നിന്നുള്ള 850ഓളം കായികതാരങ്ങളും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തി. നഗരത്തിലെ 20 ഓളം സ്കുളുകളിലാണ് താരങ്ങൾക്കും ഒഫിഷ്യലുകൾക്കും താമസസൗകര്യമൊരുക്കിയിരിക്കുന്നത്. ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ.
ആദ്യ ദിനമായ ശനിയാഴ്ച 23 ഫൈനലുകളാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂനിവേഴ്സിറ്റി സ്റ്റേഡിയങ്ങളിലായി നടക്കുക. ആദ്യ ദിവസം രാവിലെ ഏഴിനും മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 6.30നും ആയിരിക്കും മത്സരങ്ങൾ ആരംഭിക്കുക. ശനിയാഴ്ച വൈകീട്ട് ആറിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.