യുവാവിനെ ക്രൂരമായി മർദിച്ച പ്രതിക്ക് സ്റ്റേഷൻ ജാമ്യം; എസ്.ഐക്കെതിരെ നടപടിക്ക് സാധ്യത
text_fieldsമംഗലപുരം: യുവാവിനെ ക്രൂരമായി മർദിച്ച പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ എസ്.ഐയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിൻെറ അടിസ്ഥാനത്തിൽ മംഗലപുരം എസ്.ഐ തുളസീധരൻ നായർക്കെതിരെ നടപടി എടുക്കാനാണ് സാധ്യത.
ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ സ്റ്റേഷനിലെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് എസ്.ഐയുടെ വീഴ്ച കണ്ടെത്തിയത്. ഡി.ഐ.ജി മൂന്ന് മണിക്കൂറോളം സ്റ്റേഷനിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഡി.ഐ.ജിയുടെ സന്ദർശനത്തിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെത്തി വിശദമായ പരിശോധന നടത്തി.
പുത്തൻതോപ്പ് സ്വദേശിയായ അനസിനാണ് ഞായറാഴ്ച രാത്രി പത്തോടെ പടിഞ്ഞാറ്റുമുക്കിന് സമീപം മസ്താൻമുക്ക് ജങ്ഷനിൽെവച്ച് മർദനമേറ്റത്.അനസ് സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ കണിയാപുരം മസ്താൻമുക്ക് ജങ്ഷനിൽ ഫൈസലും രണ്ട് സുഹൃത്തുക്കളും ചേർന്ന് ബൈക്ക് തടഞ്ഞ് നിർത്തിയതിനുശേഷം താക്കോൽ ഊരിയെടുത്തു. ഇത് ചോദ്യം ചെയ്തതിനാണ് ക്രൂരമായി മർദിച്ചത്. നാട്ടുകാരാണ് ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതര പരിേക്കറ്റ ഇയാളുടെ ഒരു പല്ലും നഷ്ടപ്പെട്ടു.
തിങ്കളാഴ്ച രാവിലെ മംഗലപുരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകാനെത്തിയെങ്കിലും പരാതി സ്വീകരിക്കാതെ സംഭവം നടന്നത് കഠിനംകുളം സ്റ്റേഷൻ പരിധിയിലാണെന്നറിയിച്ച് പൊലീസ് മടക്കി.പരാതിക്കാർ കഠിനംകുളം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി അവിടെയും സ്വീകരിച്ചില്ല. അവസാനം മംഗലപുരം പൊലീസ് മൂന്നു പേർക്കെതിരെ കേസെടുത്തു. എന്നാൽ, കേസിലെ മുഖ്യപ്രതി മസ്താൻമുക്ക് സ്വദേശി ഫൈസലിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആയുധം കൊണ്ടുള്ള മർദനമല്ലാത്തതിനാലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതെന്നായിരുന്നു പൊലീസിെൻറ വിചിത്രമായ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.