10 വയസ്സുകാരിയെ ദേഹോപദ്രവം ഏൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: വട്ടിയൂർക്കാവിൽ 10 വയസ്സുളള പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദേഹത്ത് പെട്രോൾ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടാനച്ഛനായ പ്രതിയെ പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് നിഷ ഭവനിൽ താമസിക്കുന്ന ഇടുക്കി സ്വദേശിയായ രാജേഷ് എന്ന മാരിമുത്തുവിനെയാണ് (32) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 23ന് ആയിരുന്നു സംഭവം. രാത്രി 10 ഒാടെ വട്ടിയൂർക്കാവ് സ്വദേശിനിയായ യുവതിയും അവരുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയും ഉറങ്ങിക്കിടക്കുകയായിരുന്നു. കിടപ്പുമുറിയുടെ ജനാല വഴി പ്രതി മാരിമുത്തു അവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു. കുട്ടിയെ പ്രതി പലപ്രാവശ്യം കവിളിൽ അടിച്ചും ഹോസ് പൈപ്പ് കൊണ്ട് അടിച്ചും മറ്റും ദേഹോപദ്രവം ഏൽപ്പിച്ചത് വിലക്കിയതിലുളള വിരോധമാണ് ആക്രമണത്തിന് കാരണം.
യുവതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ സുരേഷ് കുമാർ കെ.എസ്, എസ്.ഐമാരായ ഷാജി, ജയപ്രകാശ്, എസ്.സി.പി.ഒ അനൂപ്, സി.പി.ഒമാരായ ശ്രീജിത്, ഹരികൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.