തെരുവുകൾ കീഴടക്കി നായ്ക്കൾ; എ.ബി.സി പദ്ധതി നോക്കുകുത്തി
text_fieldsതിരുവനന്തപുരം: എ.ബി.സി പദ്ധതി മന്ദീഭവിച്ചതോടെ ജില്ലയിലെമ്പാടും തെരുവുനായ് ശല്യം രൂക്ഷം. കഴിഞ്ഞ ഒരുമാസത്തിനിടെ സ്ത്രീകളും കുട്ടികളുമടക്കം 500ഓളം പേരാണ് കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ദിവസങ്ങൾക്ക് മുമ്പ് നെയ്യാറ്റികര ടി.ബി ജങ്ഷന് സമീപം തെരുവുനായുടെ ആക്രമണത്തിൽ 20ഓളം പേർക്കും കഴിഞ്ഞദിവസം പേരൂർക്കട എസ്.എ.പി ക്യാമ്പിലെ അഞ്ച് പൊലീസുകാർക്കും പരിക്കേറ്റിരുന്നു. ഈ വർഷം ജൂലൈയിൽ വരെ 12617 പേർക്കാണ് നായുടെ കടിയേറ്റത്.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങൾ നായ്ക്കൾ ഭരിക്കുന്ന നിലയിലാണ്. ഗ്രാമമേഖലങ്ങളിൽ വളർത്തുമൃഗങ്ങളെ അടക്കം കൊന്നൊടുക്കുന്നു. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ 100 വാർഡുകളിലും തെരുവുനായ് ശല്യം അതിരൂക്ഷമാണ്.
പ്രഭാത സവാരിക്കാരും സ്കൂൾ തുറന്നതോടെ കുട്ടികളും ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ബി.ജെ.പി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും മേയർ ആര്യ രാജേന്ദ്രൻ വഴങ്ങിയില്ല. ഈ സാഹചര്യത്തിൽ സ്പെഷൽ കൗൺസിൽ വിളിച്ചുചേർക്കാൻ ബി.ജെ.പി മേയർക്ക് കത്ത് നൽകിയിട്ടുണ്ട്.
നേരത്തെ പേട്ട, പി.എം.ജി, വണ്ടിക്കുളം തുടങ്ങിയ വെറ്ററിനറി കേന്ദ്രങ്ങളിൽ വന്ധ്യംകരണം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ വണ്ടിക്കുളത്തെ വെറ്ററിനറി ആശുപത്രിയിൽ മാത്രമായി ശസ്ത്രക്രിയ നടപടികൾ ഒതുങ്ങി. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്തതിനെ തുടർന്ന് തെരുവുനായ്ക്കളെ പിടികൂടുന്നതിൽ നിന്ന് കുടുംബശ്രീയെ ഹൈകോടതി വിലക്കിയതോടെ ജില്ലയിലാകമാനം എ.ബി.സി പദ്ധതി താളംതെറ്റിയ നിലയിലാണ്.
വണ്ടിക്കുളത്ത് 10 നായ്ക്കളെയാണ് ഒരുദിവസം വന്ധ്യംകരിക്കാൻ സൗകര്യമുണ്ടായിരുന്നത്. എന്നാൽ മൃഗസ്നേഹികളുടെ പ്രതിഷേധത്തെ തുടർന്ന് ഇപ്പോൾ അഞ്ച് നായ്ക്കളെ വീതമാണ് എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിക്ക് വിധേയമാക്കുന്നത്. 30ഓളം നായ്ക്കളെ ദിവസവും വന്ധീകരിക്കാൻ സൗകര്യമുള്ള പേട്ടയിലെ വെറ്ററിനറി കേന്ദ്രം കുടുംബശ്രീയെ വിലക്കിയതോടെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് അനിമൽ െഷൽട്ടർ ഉൾപ്പെടെ ഒരുകോടി 60 ലക്ഷം രൂപയുടെ 'ആർ- എ.ബി.സി 'പദ്ധതിക്ക് ബജറ്റിൽ തിരുവനന്തപുരം കോർപറേഷൻ ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും നാളിതുവരെ പദ്ധതിക്കായി ഒരു നടപടിയും അധികാരികൾ ആരംഭിച്ചിട്ടില്ല. കഴിഞ്ഞമാസം പ്രഭാത സവാരിക്കിറങ്ങിയ ഭരണപക്ഷത്തെ കൗൺസിലർക്കും നായുടെ കടിയേറ്റിരുന്നു. ജില്ല പഞ്ചായത്തിെൻറ എ.ബി.സി പദ്ധതിയും പേരിന് മാത്രമായി ഒതുങ്ങിയ നിലയിലാണ്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലായി നേരത്തെ കുടുംബശ്രീയുടെ 57 എ.ബി.സി യൂനിറ്റുകളാണ് പ്രവർത്തിച്ചിരുന്നത്. ആകെ 396 തദ്ദേശഭരണ സ്ഥാപനങ്ങൾ തെരുവുനായ് വന്ധ്യംകരണത്തിന് കുടുംബശ്രീക്ക് ഫണ്ട് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വന്ധ്യംകരണ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ മുന്നോട്ടുപോകവെയാണ് ഹൈകോടതി ഇടപെടലുണ്ടാകുന്നത്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി കുടുംബശ്രീ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.