മറൈൻ ആംബുലൻസ് കാര്യക്ഷമമാക്കുന്നു; ഏജൻസിയെ തേടി ഫിഷറീസ് വകുപ്പ്
text_fieldsതിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് കടലിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ മറൈൻ ആംബുലൻസ് സർവിസുകൾ കാര്യക്ഷമമാക്കാൻ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി. മീൻപിടിത്തത്തിനിടെ തൊഴിലാളികൾ അപകടത്തിൽപെടുന്ന സാഹചര്യങ്ങളിൽ അതിവേഗ രക്ഷാപ്രവർത്തനത്തിനാണ് ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയതെങ്കിലും പ്രതീക്ഷിച്ചപോലെ പദ്ധതി നടപ്പാക്കാൻ അധികൃതർക്കായില്ല.
കൊച്ചി കപ്പൽശാലയുമായുള്ള കരാർപ്രകാരം മൂന്ന് ബോട്ടുകളാണ് മറൈൻ ആംബുലൻസ് സർവിസ് നടത്തിപ്പിന് ലഭ്യമാക്കിയത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലയിലെ തീരങ്ങളുടെ പ്രവർത്തനങ്ങൾക്കായി ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ‘കാരുണ്യ’, എറണാകുളം, തൃശൂർ ജില്ലകൾക്കായി വൈപ്പിൻ തുറമുഖത്ത് ‘പ്രത്യാശ’, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾക്കായി വിഴിഞ്ഞം തുറമുഖത്ത് ‘പ്രതീക്ഷ’ എന്നീ മറൈൻ ആംബുലൻസുകളാണ് ഫിഷറീസ് വകുപ്പ് ഒരുക്കിയത്. എന്നാൽ, ആംബുലൻസുകൾ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ലെന്നാണ് മത്സ്യബന്ധന മേഖലയിലുള്ളവരുടെ പരാതി.
ആംബുലൻസുകൾ കടലിലെ രക്ഷാപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിലല്ല രൂപകൽപന ചെയ്തത് എന്നതടക്കം പരാതികൾ ഉയർന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കൽ നഴ്സിങ് ജീവനക്കാരെയടക്കം നിയോഗിച്ച് ബോട്ട് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നത്. കടലിൽ ബോട്ടുകളോ വള്ളങ്ങളോ അപകടത്തിൽപെടുന്ന വിവരം കൺട്രോൾ റൂം വഴി ലഭിച്ചാൽ ഉടൻ രക്ഷാപ്രവർത്തനം നടത്താനാകുംവിധം മൂന്ന് മറൈൻ ആംബുലൻസുകളും ഉപയോഗപ്പെടുത്താൻ ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.