നഗരം മുൾമുനയിലായത് മണിക്കൂറുകൾ; ‘ജനത്തെ കടിച്ചുപറിച്ച തെരുവുനായ് വലയിൽ’
text_fieldsതിരുവനന്തപുരം: നിരവധിപേരെ കടിക്കുകയും നഗരത്തെ ഭീതിയിലാഴ്ത്തുകയും ചെയ്ത തെരുവുനായെ കോർപറേഷൻ നായപിടിത്തക്കാർ വലയിലാക്കി. ആറ്റുകാൽ പരിസരത്ത് വാഹനത്തിനടിയിൽ കിടന്ന നായയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ നായപിടിത്തക്കാർ വലയിലാക്കുകയായിരുന്നു. ഈ നായ് തന്നെയാണോ 30 ഓളം പേരെ കടിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കോർപറേഷൻ വെറ്ററിനറി സർജൻ ഡോ. ശ്രീരാഗ് അറിയിച്ചു. നായെ പേട്ട മൃഗാശുപത്രിയിൽ എത്തിച്ച് നിരീക്ഷിച്ചുവരുകയാണ്.
നായ്ക്ക് പേവിഷബാധയുണ്ടോ എന്ന് ഇപ്പോൾ അറിയാൻ സാധ്യമല്ല. നായ് ചത്താൽ മാത്രമേ സാമ്പ്ൾ ശേഖണം നടക്കൂ. അതിനാൽ നിരീക്ഷണം മാത്രമേ വഴിയുള്ളൂവെന്നും അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രിയിലാണ് നേമം കാരക്കാമണ്ഡപം മുതൽ വഞ്ചിയൂർ ഭാഗം വരെയാണ് നായുടെ ആക്രമണം ഉണ്ടായത്. ഈ ഭാഗത്തുള്ള 30 ഓളം പേർക്കാണ് കടിയേറ്റത്. പലർക്കും ആഴത്തിൽ മുറിവേറ്റു. അതേസമയം, ഒരുനായ് ഇത്രയുംദൂരം ഓടി ഒരുപാടുപേരെ കടിച്ച് പരിക്കേൽപ്പിച്ചതിൽ സംശയമുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു.
സാധാരണഗതിയിൽ കുച്ചുപേരെ നായ് കടിച്ചുകഴിഞ്ഞാൽ തൊട്ടടുത്ത് എവിടെയെങ്കിലും ചുരുണ്ടുകിടക്കുകയാണ് പതിവ്. അതാണ് സംശയം ബലപ്പെടാൻ കാരണം. വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവർ നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലുമാണ് ചികിത്സതേടിയത്. നായ്കടിയേറ്റവരുടെ ബാഹുല്യം ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ വിഷമസന്ധിയിലാക്കി.
മുറിവ് ആഴത്തിലുള്ളവർക്ക് എടുക്കുന്ന ഇമ്യൂണോഗ്ലോബുലിൻ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജുകളിലുമാണുള്ളത്. ഒരാൾക്ക് കുത്തിവെപ്പിന് അരമണിക്കൂറിലധികം വേണ്ടിവരും. ടി.ടി ഇൻജക്ഷൻ, രണ്ട് കൈകളിലും ഐ.ഡി.ആർ.വി കുത്തിവെപ്പ്, ഇമ്യൂണോ ഗ്ലോബുലിൽ എടുക്കുന്നതിന് മുമ്പ് ടെസ്റ്റ് ഡോസ് അങ്ങനെ നിരവധി കടമ്പകൾ കടക്കേണ്ടിവന്നു. ഇതോടെ ആശുപത്രികളുടെ പ്രവർത്തനവും അലങ്കോലമായി. ഇതിനിടെ നഗരത്തിൽ തെരുവുനായ്ശല്യം രൂക്ഷമാണെന്നും വാക്സിനേഷനും വന്ധ്യംകരണവും കാര്യക്ഷമമല്ലെന്നുമുള്ള പരാതികളും വ്യാപകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.