ശക്തമായ തിര: വലിയതുറ കടല്‍പ്പാലം രണ്ടായി വേർപെട്ടു
text_fieldsവലിയതുറ: വലിയതുറ കടല്‍പ്പാലം രണ്ടായി വേർപെട്ടു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് പാലം മധ്യഭാഗത്തുവെച്ച് തകര്‍ന്ന് രണ്ടായി വേര്‍പെട്ടത്. 1956ല്‍ പുനർനിർമിച്ച പാലം വർഷങ്ങളായി അപകടാവസ്ഥയിലായിരുന്നു. ഇതോടെ പ്രവേശനവും വിലക്കിയിരുന്നു. കാലപ്പഴക്കംകൊണ്ടല്ല, മാറി മാറി വന്ന സര്‍ക്കാറുകളുടെ അനാസ്ഥയാണ് പാലം തകരാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. 1825ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ഉരുക്കിലാണ് ആദ്യ പാലം നിർമിച്ചത്. എന്നാല്‍, 1947ല്‍ എന്‍.വി. പണ്ഡിറ്റ് എന്ന കപ്പല്‍ തൂണുകളില്‍ തട്ടിയതോടെ പാലം മറിഞ്ഞു. തുടർന്ന് 1.1 ലക്ഷം രൂപ മുടക്കി കരയില്‍നിന്ന് 750 അടി നീളത്തിലാണ് പാലം പുനര്‍ നിർമിച്ചത്. 1956ല്‍ കേന്ദ്ര തുറമുഖ വകുപ്പ് സെക്രട്ടറി റാവുവാണ് പാലം ഉദ്ഘാടനം ചെയ്തത്. അന്ന് ‘രാജതുറെ കടല്‍പ്പാലം’ എന്നറിയപ്പെട്ടിരുന്ന പാലമാണ് വലിയതുറ പാലമായി പിൽക്കാലത്ത് മാറിയത്. 1976 വരെ ചരക്കുനീക്കത്തിന് ഉപയോഗിച്ചിരുന്നു. പിന്നെ അത് ഇല്ലാതായി.
വേളി മുതല്‍ പൂന്തുറ വരെയുള്ള മത്സ്യത്തൊഴിലാളികൾ മണ്‍സൂണ്‍ കാലത്ത് കട്ടമരത്തിൽ മീപിടിക്കാൻ പോകുന്നതിനും ഈ പാലത്തെയാണ് ആശ്രയിച്ചിരുന്നത്. കടല്‍ക്ഷോഭ സമയത്ത് കട്ടമരം പാലത്തിലെത്തിച്ച് കടലിലിറക്കി മീന്‍ പിടിക്കാന്‍ പോകുന്നതായിരുന്നു രീതി. വിഴിഞ്ഞം മത്സ്യബന്ധനതുറമുഖം ഇല്ലാതിരുന്ന കാലത്താണ് ഏറെയും തൊഴിലാളികള്‍ പാലത്തെ ആശ്രയിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പാലത്തിന്റെ തൂണുകള്‍ ഇളകി നശിക്കാന്‍ തുടങ്ങി. തുടർന്ന് വി.എസ്. അച്യുതാനന്ദൻ സർക്കാർ പാലം സംരക്ഷണത്തിന് 21 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, തൂണുകളില്‍ സിമന്റ് തളിച്ച് പോകുകയല്ലാതെ ഒന്നും ചെയ്തില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഉമ്മന്‍ ചാണ്ടി സർക്കാറിന്റെ കാലത്ത് ടൂറിസം വികസനം ലക്ഷ്യമിട്ട് റസ്സ്റ്റാറന്റും തൂണുകളില്‍ ലൈറ്റുകളും സ്ഥാപിച്ചു. അന്നും പാലം സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ല.
2021 ജൂണിൽ പാലം മധ്യഭാഗത്ത് വെച്ച് താഴ്ന്നു. തുടർന്ന് പാലത്തിലേക്കുള്ള സന്ദര്‍ശനത്തിന് പൂര്‍ണമായി വിലക്കേര്‍പ്പെടുത്തി. സംഭവശേഷം സ്ഥലം സന്ദര്‍ശിച്ച അന്നത്തെ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും സ്ഥിതിഗതികള്‍ വിലയിരുത്തുകയും പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 25 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർനടപടിയുണ്ടായില്ല. രണ്ട് മന്ത്രിമാരും സ്ഥാനമൊഴിയുന്നതിന് രണ്ടാഴ്ച മുമ്പ് ഇതുസംബന്ധിച്ച് യോഗം ചേർന്നതായും പാലം നവീകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും അറിയിച്ചിരുന്നു. പാലം തകര്‍ന്നത് തങ്ങൾക്ക് മാത്രമുണ്ടായ നഷ്ടമാണെന്നും അടിയന്തരമായി പുനര്‍നിർമിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.