പരീക്ഷയിൽ ആൾമാറാട്ടം: വിദ്യാർഥിയും അധ്യാപകനും അറസ്റ്റിൽ
text_fieldsമംഗലപുരം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് (NIOS) ഹയർ സെക്കൻഡറി തല പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ വിദ്യാർഥിയും അധ്യാപകനും അറസ്റ്റിൽ. മലയിൻകീഴ് കലാനിലയത്തിൽ ആദിത് (23), കോച്ചിങ് സെൻറർ അധ്യാപകനായ മലയിൻകീഴ് വിളവൂർക്കൽ വി.ജെ. ഭവനിൽ വേണുഗോപാലൻ നായർ (57) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പള്ളിപ്പുറം സി.ആർ.പി.എഫ് ആസ്ഥാനത്തുള്ള കേന്ദ്രീയ വിദ്യാലയത്തിൽ ഉച്ചക്കുശേഷം നടന്ന എഴുത്തുപരീക്ഷയിലാണ് ആൾമാറാട്ടം നടത്തി ആദിത് പരീക്ഷയെഴുതാനെത്തിയത്. കിളിമാനൂർ സ്വദേശി മിഥുൻ എന്ന വിദ്യാർഥിക്ക് പകരക്കാരനായാണ് ആദിത് എത്തിയത്. ഫോട്ടോയിലും ഒപ്പിലും സംശയം തോന്നിയ അധികൃതർ വിശദമായി പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം കണ്ടെത്തിയത്. തുടർന്ന്, ഇയാളെ തടഞ്ഞുെവച്ച് മംഗലപുരം പൊലീസിനു കൈമാറുകയായിരുന്നു.
പരീക്ഷയെഴുതാൻ ആദിതിനെ ചുമതലപ്പെടുത്തിയ കോച്ചിങ് സെൻറർ ഉടമ വേണുഗോപാലൻ നായരെയും പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരിൽ തൂലിക എന്ന പേരിൽ കോച്ചിങ് സെൻറർ നടത്തുകയാണ് വേണുഗോപാലൻ നായർ. മിഥുൻ ഇപ്പോൾ വിദേശത്താണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. മിഥുനെയും പ്രതിചേർക്കുമെന്ന് മംഗലപുരം സി.ഐ സജീഷ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.