വിദ്യാർഥികൾക്ക് മർദനം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്, നടപടിക്ക് ശിപാർശ
text_fieldsതിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിെൻറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്തപ്പോൾ കാണിക്കേണ്ട ജാഗ്രത പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായില്ല. വിദ്യാർഥികൾക്ക് പൊലീസിൽനിന്ന് മർദനമേൽക്കേണ്ടിവന്നെന്നുതന്നെയാണ് കണ്ടെത്തൽ. കാട്ടാക്കട ഡിവൈ.എസ്.പിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്മേൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്ത് റിപ്പോർട്ട് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഐ.ജിക്ക് കൈമാറി.
കാട്ടാക്കട അഞ്ചുതെങ്ങിൻമൂടിലെ അമ്പല പടവിലിരുന്ന് മൊബൈലിൽ അശ്ലീലദൃശ്യം കെണ്ടന്നാരോപിച്ചായിരുന്നു പ്ലസ് വൺ വിദ്യാർഥികളെ കഴിഞ്ഞദിവസം പൊലീസ് പിടികൂടി മർദിച്ചത്. ഓണ്ലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന വിദ്യാർഥികളെയാണ് പൊലീസ് മർദിച്ചതെന്ന പരാതിയുമായി രക്ഷാകർത്താക്കൾ രംഗത്തെത്തി. വടിയും കേബിൾ വയറും ഉപയോഗിച്ച് വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചെന്നും മർദനമേറ്റ് നിലത്തുവീണ വിദ്യാർഥികളെ പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നും രക്ഷാകർത്താക്കൾ പരാതിപ്പെട്ടിരുന്നു.
വിദ്യാർഥികളെ അടിക്കാൻ പൊലീസ് ഉപയോഗിച്ച കേബിൾ പൊലീസ് ജീപ്പിൽനിന്ന് കണ്ടെത്തിയിരുന്നു. കാട്ടാക്കട ഡിവൈ.എസ്.പി എസ്. ഷാജി സംഭവസ്ഥലത്തെത്തി രക്ഷാകർത്താക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും മൊഴിയെടുത്തിരുന്നു. മർദനത്തിെൻറ അടയാളങ്ങൾ വിദ്യാർഥികളുടെ ശരീരത്തിൽ കണ്ടെത്തി. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ജില്ല പൊലീസ് മേധാവിയോടും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആ സാഹചര്യം നിലനിൽക്കെയാണ് ഇപ്പോൾ ഡിവൈ.എസ്.പി തന്നെ പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ച കണ്ടെത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.