വയോധികന്‍റെ ജീവിതത്തിലേക്കൊരു സഡൻ ബ്രേക്ക് ഞെട്ടൽ മാറാതെ കെ.എസ്.ആർ.ടി.സി ഡ്രൈവർ
text_fieldsതിരുവനന്തപുരം: സ്വന്തം കാലടിയിൽ അരഞ്ഞ് തീരുമായിരുന്ന വയോധികന്‍റെ ജീവൻ രക്ഷിച്ച ‘ഞെട്ടൽ’ മാറിയിട്ടില്ല കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ സജികുമാറിന്. വൈകീട്ട് 5.25. നഗരത്തിൽ നല്ല വാഹനത്തിരക്ക്. ചെറിയ മഴ തോർന്നതേയുള്ളൂ. കിഴക്കേകോട്ട-വിഴിഞ്ഞം-ആട്ടറമൂല-നെയ്യാറ്റിൻകരയാണ് സർവിസ്. റോഡ് പണി നടക്കുന്നതിനാൽ അട്ടക്കുളങ്ങരയിൽനിന്ന് ബസ് ബൈപാസിലേക്ക് തിരിച്ചുവിട്ടു. സിഗ്നൽ കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് അട്ടക്കുളങ്ങര മോഹൻ ഇലക്ടിക്കൽസിനു മുന്നിലെത്തിയപ്പോൾ ബസിനുള്ളിൽ ഒരു സ്ത്രീയുടെ നിലവിളി.
അതേ സെക്കന്‍ഡിൽ കാൽ ബ്രേക്കിലമർന്നതും ബസ് സുരക്ഷിതമായി നിന്നു. ‘ഒരാൾ വീണു, വീണു’ എന്ന് സ്ത്രീ ഉച്ചത്തിൽ. ഇടതുവശത്തെ കണ്ണാടിയിലൂടെ ഡ്രൈവർ സജികുമാർ കണ്ടു; ബസിന്‍റെ പിൻചക്രത്തിനടിയിൽ വീണുകിടക്കുന്ന വയോധികനെ. ഇതേസമയം, മോഹൻ ഇലക്ട്രിക്സിലെ സി.സി ടി.വിയിൽ പതിഞ്ഞ വിഡിയോ ഇങ്ങനെ: വേഗത്തിൽ കടന്നുപോകുന്ന പൊലീസ് ബസ് മുന്നിലെ കാറിനുവേണ്ടി വേഗം കുറക്കുന്നു. അതേ ദിശയിൽ നടപ്പാതയിലുടെ നടക്കുന്ന വയോധികൻ. ഒരു ട്രാൻസ്പോർട്ട് ബസും ഫ്രെയ്മിൽ. ഇതിനിടയിലൂടെ സ്കൂട്ടറുകളും മറ്റും കടന്നുപോകുന്നു. ദൃശ്യത്തിന്‍റെ 11ാം സെക്കന്‍ഡിൽ നടപ്പാതയിലെ വയോധികന്‍റെ അടിപതറുന്നു. വേച്ചുവേച്ച് റോഡിലേക്ക്. ഫുട്പാത്തും കഴിഞ്ഞ് മൂന്നടി മുന്നോട്ടേക്ക് വേച്ച് വീഴുമ്പോൾ ട്രാൻസ്പോർട്ട് ബസിന്‍റെ മുൻ ഭാഗത്ത് ചെന്നിടിച്ചു. ബസ് മുന്നോട്ടു തന്നെ. അടിപതറിയ കാലും ബസിലിടിച്ചതിന്‍റെ ആഘാതവുമായി അയാൾ റോഡിലേക്ക് മുഖമടിച്ചു വീണു.
ഈ സമയത്തായിരുന്നു ജനലരികിലിരുന്ന ബിന്ദുവിന്‍റെ നിലവിളി ഡ്രൈവർ കേട്ടത്. ആ കരച്ചിലപ്പോൾ ജാഗ്രതയുടെ സൈറൺ വിളിയായിരുന്നു സജിക്ക്. നാട്ടുകാർ ചേർന്ന് വയോധികനെ എഴുന്നേൽപ്പിച്ചു. ബന്ധുക്കളെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടതായും സമീപത്തെവ്യാപാരികളിൽനിന്ന് അറിഞ്ഞതായി സജി പറഞ്ഞു. 10 വർഷമായി കെ.എസ്.ആർ.ടി.സി ഡ്രൈവറാണെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരനുഭവം. കാലടിപ്പാടിൽ നിന്നു വലിയൊരു ദുരന്തം ഒഴിവായതിനെ ഞെട്ടലോടെയാണ് ഓർക്കുന്നതെന്നും അമേച്ചർ ഡബ്ബിങ് ആർടിസ്റ്റ് കൂടിയായ ഡ്രൈവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.