വേനലും പിന്നാലെ മഴയും; പനിയും ഡെങ്കിയും തലപൊക്കുന്നു
text_fieldsതിരുവനന്തപുരം: കടുത്ത വേനലിന് പിന്നാലെ ഇടവിട്ട് പെയ്യുന്ന മഴകൂടി എത്തിയതോടെ പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. വേനൽമഴക്ക് മുമ്പ് മഴക്കാലപൂർവ ശുചീകരണം പൂർത്തിയാക്കണമെന്ന് നിർദേശമുണ്ടെങ്കിലും ഒരിടത്തും കാര്യക്ഷമമായിട്ടില്ല.
ഇത് ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളടക്കം പെരുകാൻ സാഹര്യമൊരുക്കുന്നു. തലസ്ഥാന നഗരത്തിൽ റോഡുകളിൽ നിർമാണങ്ങൾ നടക്കുന്നതും കുഴികളിൽ വെള്ളംനിറഞ്ഞുകിടക്കുന്നതും കൊതുക് പെരുകാൻ കാരണമാകുന്നു.
സംസ്ഥാനത്ത് മേയിൽ ആയിരത്തോളം പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. അരലക്ഷത്തോളം പേർ പകർച്ചപ്പനിക്ക് ചികിത്സതേടി. മുൻവർഷങ്ങളെ പോലെ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വ്യാപകമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍കണ്ട് ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
രോഗപ്രതിരോധം
ഡെങ്കി/ ചിക്കുന്‍ഗുനിയ/ സിക്ക പനിക എന്നിവ തടയാനുള്ള പ്രധാനമാര്‍ഗം കൊതുക് നശീകരണമാണ്. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടിനിര്‍ത്താതെ നോക്കുകയാണ് പ്രധാന പ്രതിരോധം. പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്. റബര്‍ പ്ലാന്റേഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങള്‍/ ചിരട്ടകള്‍ എന്നിവ ഉപയോഗിക്കാത്ത അവസരങ്ങളില്‍ കമിഴ്ത്തിവെക്കുകയോ അവയില്‍ മഴവെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഇല്ലാതെയാക്കുകയോ വേണം.
ഡെങ്കിപ്പനി ലക്ഷണങ്ങള്‍
സാധാരണ വൈറല്പ്പനിയില്നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കഠിനമായ പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
അതിശക്തമായ നടുവേദന, കണ്ണിനുപിറകില്‍ വേദന എന്നിവ ഡെങ്കിപ്പനിക്കൊപ്പം ഉണ്ടാകാം. നാലഞ്ച് ദിവസത്തിനുള്ളില്‍ ശരീരത്തിൽ ചുവന്നുതിണര്‍ത്ത പാടുകള്‍ രൂപപ്പെടും. ഡെങ്കിപ്പനിക്കൊപ്പം എലിപ്പനിയും വൈസ്റ്റ്നൈൽ വൈറസും പല ജില്ലകളിലും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.