ആശ്വാസമായി വേനല്‍ മഴ; പൊളിച്ചിട്ട റോഡുകൾ ചെളിക്കുളമായി
text_fieldsതിരുവനന്തപുരം: കടുത്ത ചൂടില്‍ ആശ്വാസമായി നഗരത്തിൽ വേനല്‍ മഴ. വെള്ളിയാഴ്ച11 ജില്ലകളില്‍ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ടായിരുന്നു. രാത്രി ഏഴരയോടെ ആരംഭിച്ച മഴ രണ്ടുമണിക്കൂറോളം നീണ്ടു. കൊടുംചൂടിൽ ചുട്ടുപൊള്ളിയിരുന്ന അവസ്ഥക്ക് മഴ നേരിയ ആശ്വാസമായി. നഗരത്തിൽ മിക്കയിടങ്ങളിലും സാമാന്യം തരക്കേടില്ലാതെ മഴ ലഭിച്ചു. ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴയാണ് ലഭിച്ചത്. മലയോര മേഖലകളിൽ ശക്തമായ മഴ ലഭിച്ചതായാണ് വിവരം.
മഴപെയ്തതിന് പിന്നാലെ പലസ്ഥലങ്ങളിലും വൈദ്യുതി ബന്ധവും നിലച്ചു. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി സാധാരണ നിലയിലെത്തിച്ചു. തലസ്ഥാന നഗരത്തിൽ മിക്ക സ്ഥലങ്ങളിലും സ്മാർട്ട് സിറ്റിക്ക് വേണ്ടിയും മറ്റും റോഡുകൾ കുഴിച്ചിട്ടത് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായി.
മഴക്കാലം എത്തുംമുമ്പ് റോഡുകൾ എല്ലാം പൂർണമായും ഗതാഗത യോഗ്യമാക്കുമെന്ന് പറഞ്ഞാണ് വെട്ടിക്കുഴിച്ചത്. എന്നാൽ ഏത് സമയത്തും വേനൽമഴ ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം വന്നിട്ടും നിർമാണങ്ങൾ ഇപ്പോഴും പാതിവഴിയിലാണ്.
പൊടിയും മണ്ണും നിറഞ്ഞ അവസ്ഥക്ക് പിന്നാലെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ വേനൽമഴ തിമർത്തുപെയ്തത്. ഇതോടെ വെട്ടിക്കുഴിച്ച ഭാഗങ്ങൾ പലതും ചെളിക്കുളമായ അവസ്ഥയാണ്. വരും ദിവങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.