സപ്ലൈകോ സബ്സിഡി: റിപ്പോർട്ട് ഇന്ന് മന്ത്രിസഭ പരിഗണിച്ചേക്കും
text_fieldsതിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധന സംബന്ധിച്ച് മൂന്നംഗ സമിതി തയാറാക്കിയ റിപ്പോർട്ട് ബുധനാഴ്ച ചേരുന്ന മന്ത്രിസഭ പരിഗണിച്ചേക്കും. ഇതുസംബന്ധിച്ച് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. നിലവിലെ കമ്പോളവിലയെ അപേക്ഷിച്ച് ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കാത്ത തരത്തിലുള്ള വിലവർധനയാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
2016 മുതൽ 13 ഇന ഭക്ഷ്യസാധനങ്ങൾക്ക് അന്നത്തെ വിപണി വിലയുടെ അടിസ്ഥാനത്തിലാണ് ഇന്നും സപ്ലൈകോ വഴി സാധനങ്ങൾക്ക് നൽകുന്നത്. ഇത്തരം വിപണി ഇടപെടലിെൻറ ഭാഗമായി 1507.71 കോടിയാണ് സപ്ലൈകോക്ക് സംസ്ഥാന സർക്കാർ നൽകാനുള്ളത്. ഈ സാഹചര്യത്തിലാണ് എട്ടു വർഷത്തിനു ശേഷം വിലവർധനക്ക് സർക്കാർ ഒരുങ്ങുന്നത്.
വിപണി വിലയുടെ 25 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ സബ്സിഡി സാധനങ്ങൾ വിൽക്കണമെന്നാണ് സംസ്ഥാന ആസൂത്രണ കമീഷൻ അംഗം ഡോ. രവിരാമൻ അധ്യക്ഷനും ഭക്ഷ്യ സെക്രട്ടറി അജിത് കുമാർ, സപ്ലൈകോ എം.ഡി ഡോ. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ അംഗങ്ങളുമായ സമിതി ശിപാർശ ചെയ്തിരിക്കുന്നത്.
സപ്ലൈകോ വിപണന കേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങളുടെ വില ആറു മാസത്തിലൊരിക്കൽ പുനർനിശ്ചയിക്കണം, സപ്ലൈകോക്കും മദ്യം വിൽക്കാനുള്ള അനുമതി നൽകണം, മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളാക്കി മാറ്റണം, സബ്സിഡി സാധനങ്ങളുടെ എണ്ണം വർധിപ്പിക്കണം തുടങ്ങിയ ശിപാർശകളും റിപ്പോർട്ടിലുണ്ട്. ഇതിൽ ഏതൊക്കെ ശിപാർശകൾ മന്ത്രിസഭ അംഗീകരിക്കുമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.