പള്ളിപ്പുറം പാടശേഖരത്തിലെ നെല്ല് സപ്ലൈകോ ഏറ്റെടുക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: പള്ളിപ്പുറം പാടശേഖരത്തില്‍ കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന നെല്ല് സപ്ലൈകോ കൂടുതല്‍ വില നല്‍കി ഏറ്റെടുക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍. അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ പള്ളിപ്പുറം പാടശേഖരത്തില്‍ സമ്പൂര്‍ണ നെല്‍കൃഷി നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായ ഞാറ് നടീല്‍ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി പരിപോഷിപ്പിക്കുകയെന്നത് സര്‍ക്കാര്‍ നയമാണ്. സംസ്ഥാനത്ത് അരിയുടെ ഉൽപാദനം ഇരട്ടിയായി വര്‍ധിപ്പിച്ചില്ലെങ്കില്‍ വരുംവര്‍ഷങ്ങളില്‍ പ്രതിസന്ധിയുണ്ടാകും. ഇത് മുന്നില്‍കണ്ടുകൊണ്ട് കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷിയിലേക്ക് വരുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും ആനുകൂല്യങ്ങളും നല്‍കും.
പഞ്ചായത്തിന്‍റെ സമഗ്ര നെല്‍ വികസന പദ്ധതിയിലൂടെ ഒരു ഹെക്ടര്‍ കൃഷിക്ക് 25,000 രൂപ വരെ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. അതോടൊപ്പം കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പള്ളിപ്പുറം പാടശേഖരത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി തരിശായി കിടന്ന 30 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. ഇതില്‍ പതിനൊന്ന് ഏക്കറിലാണ് ആദ്യഘട്ടമായി ഞാറുനടീല്‍ ആരംഭിക്കുന്നത്. തൊഴിലുറപ്പ് പ്രവര്‍ത്തകരാണ് ഞാറു നടുന്നത്.
ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ പള്ളിപ്പുറം പാടശേഖരത്തെ സമ്പൂര്‍ണ കൃഷിയോഗ്യമാക്കി മാറ്റുമെന്നും പഞ്ചായത്തിലെ 18 വാര്‍ഡുകളിലെ 18 ഏക്കര്‍ ഭൂമിയില്‍ പച്ചക്കറി കൃഷി നടത്തുന്ന ബൃഹത് പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ജലീല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബൈജു സൈമണ്‍, വാര്‍ഡ് മെംബര്‍മാര്‍, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.