സൂര്യഗായത്രി കൊലക്കേസ്: പൊലീസിന് കീഴടങ്ങാന്‍ കാത്തുനിന്നെന്ന് പ്രതിയുടെ മൊഴി
text_fieldsതിരുവനന്തപുരം: സൂര്യഗായത്രി കൊല്ലപ്പെട്ട സ്ഥലത്ത് പൊലീസിന് കീഴടങ്ങാന്‍ താന്‍ കാത്തുനിന്നതായി കോടതിയില്‍ സമ്മതിച്ച് പ്രതി. കോടതി നേരിട്ട് പ്രതിയെ വിചാരണ ചെയ്തപ്പോഴായിരുന്നു പ്രതിയുടെ മൊഴി. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസിലെ പ്രതിയായ പേയാട് ചിറക്കോണം വാറുവിളാകം സ്വദേശി അരുണിനോട് കേസ് സംബന്ധിച്ച കാര്യങ്ങള്‍ നേരിട്ട് ചോദിച്ചത്.
സൂര്യഗായത്രിയുമായി പ്രണയത്തിലായിരുന്ന താന്‍ അവര്‍ക്ക് സ്വര്‍ണവും പണവും മൊബൈൽ ഫോണും നല്കി. തന്നെ വിവാഹം കഴിക്കാതെ മറ്റൊരാളെ വിവാഹം ചെയ്തപ്പോള്‍ നല്കിയ സ്വര്‍ണവും പണവും തിരികെ ചോദിക്കാന്‍ എത്തിയതന്നെ സൂര്യഗായത്രി അസഭ്യം പറഞ്ഞു.
ദേഷ്യംകൊണ്ട് താന്‍ അടിച്ചപ്പോള്‍ സൂര്യഗായത്രിതന്നെ കത്തികൊണ്ട് കുത്തിയെന്നും ആ കത്തി താന്‍ പിടിച്ച് വാങ്ങി തറയില്‍ എറിഞ്ഞ ശേഷം പുറത്തേക്ക് പോയി. ഇക്കാര്യം താന്‍തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചു. പൊലീസ് വരുമ്പോള്‍ കീഴടങ്ങാനായി താന്‍ കാത്തു നിന്നതായും അരുണ്‍ കോടതിയെ അറിയിച്ചു.
സൂര്യഗായത്രി കൊല്ലപ്പെട്ട വിവരം താന്‍ അറിഞ്ഞിട്ടില്ലെന്നും സൂര്യഗായത്രിയുടെ മാതാവ് വത്സലയെ തനിക്ക് മുന്‍പരിചയം ഉണ്ടെന്നും പ്രതി മൊഴി നല്കി. പൊലീസ് കോടതിയില്‍ ഹാജരാക്കിയ മൊബൈലും വാഹനവും തന്റേതാണെങ്കിലും വസ്ത്രങ്ങള്‍ തന്റേതല്ലെന്നായിരുന്നു പ്രതിയുടെ വാദം.
സംഭവത്തിനു ശേഷം ഒളിച്ചിരുന്ന തന്നെ സുഭാഷ്, വിഷ്ണു എന്നിവര്‍ മറ്റൊരു വീടിന്റെ ടെറസില്‍നിന്നാണ് പിടിച്ചുകൊണ്ടു വന്നതെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു. പൊലീസ് ശാസ്ത്രീയ പരിശോധനക്ക് നല്‍കിയത് തന്റെതന്നെ രക്ത സാമ്പിളും മുടിയുമാണെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്, അഖില ലാല്‍, ദേവിക മധു, മോഹിത മോഹന്‍ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി ക്ലാരൻസ് മിരാൻഡയും പരുത്തിപ്പള്ളി സുനിൽകുമാറും ഹാജരായി. പ്രോസിക്യൂഷന് വാദത്തിനായി കോടതി കേസ് ബുധനാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.