സൂര്യഗായത്രി കൊലക്കേസ്: ആക്രമിച്ചത് ചലനശേഷിയില്ലാത്ത തന്റെ മുന്നിലിട്ടെന്ന് മാതാവിന്റെ മൊഴി
text_fieldsതിരുവനന്തപുരം: ചലനശേഷി ഇല്ലാത്ത തന്റെ കണ്മുന്നിലിട്ടാണ് മകളെ പ്രതി അരുൺ തുരുതുരെ കുത്തിയതെന്നും ഇഴഞ്ഞുചെന്ന് അത് തടയാന്‍ ശ്രമിച്ച തന്നെയും കുത്തിയതായും കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ മാതാവ് വത്സല കോടതിയില്‍ മൊഴി നല്കി.
ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവിന് മുമ്പാകെ നടന്ന വിചാരണയിൽ കരഞ്ഞു കൊണ്ടായിരുന്നു വത്സലയുടെ മൊഴി. സംഭവ ദിവസം വീടിന് പുറത്ത് ശബ്ദം കേട്ടാണ് സൂര്യയും പിതാവും പോയി നോക്കിയത്. ഇതിനിടെ അടുക്കളഭാഗത്തുകൂടി വീടിനുള്ളില്‍ കടന്ന പ്രതി തന്റെ വായ് പൊത്തിപ്പിടിച്ചു.
കൈയിട്ടടിച്ച് ബഹളം വെച്ചപ്പോള്‍ സൂര്യയും പിതാവും വീട്ടിനുള്ളിലേക്ക് വന്നു. സൂര്യയെ കണ്ട പ്രതി തുരുതുരെ കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് ശിവദാസനെ തൊഴിച്ചു വീഴ്ത്തി. മകളെ വിവാഹം ചെയ്ത് നല്‍കാത്തതാണ് പ്രതിക്ക് തങ്ങളോട് ദേഷ്യം തോന്നാന്‍ കാരണമെന്ന് വത്സല മൊഴി നല്കി.
പ്രതിയുടെ ചവിട്ട് കൊണ്ട് വീണ താന്‍ വീടിന് പുറത്തിറങ്ങി നിലവിളിച്ചെന്ന് ശിവദാസന്‍ മൊഴി നല്കി. നാട്ടുകാര്‍ ഓടി വരുന്നെന്ന് മനസ്സിലാക്കിയ പ്രതി കത്തി വീടിനുള്ളില്‍ വലിച്ചെറിഞ്ഞശേഷം ഓടിപ്പോകുകയായിരുന്നു. കത്തി തന്റെ ഭാര്യ പൊലീസിനെ ഏൽപിച്ചതായും അദ്ദേഹം പറഞ്ഞു.
ശിവദാസന്റെ നിലവിളി കേട്ട് എത്തിയ താനും കൂട്ടാളികളുമാണ് സൂര്യഗായത്രിയെയും വത്സലയെയും ജില്ല ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയതെന്ന് അയല്‍വാസി കുട്ടന് ആചാരി മൊഴി നല്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്, വിനു മുരളി എന്നിവരും പ്രതിഭാഗത്തിനുവേണ്ടി പരുത്തിപ്പള്ളി ടി.എന്‍. സുനില്‍കുമാറും ഹാജരായി.
പേയാട് ചിറക്കോണം വാറുവിളാകം സ്വദേശി അരുണാണ് കേസിലെ പ്രതി. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. 2021 ആഗസ്റ്റ് 31 നാണ് സൂര്യഗായത്രി കൊല്ലപ്പെട്ടത്. പ്രതിക്ക് സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്തതിലെ വിരോധം മൂലമായിരുന്നു കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.