സൂര്യഗായത്രി കൊലക്കേസ്: വിചാരണ ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻബംഗ്ലാവിൽ വാടകക്ക് താമസിച്ചിരുന്ന ശിവദാസ് - വത്സല ദമ്പതികളുടെ മകൾ സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതിയിൽ ഇന്ന് ആരംഭിക്കും.
പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അരുണാണ് (20) പ്രതി. ജാമ്യാപേക്ഷ നിരസിച്ചതിനാൽ ജില്ല ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ് പ്രതി. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്.
2021 ആഗസ്റ്റ് 30ന് ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. സൂര്യഗായത്രിയും മാതാപിതാക്കളും വാടകക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ മാതാപിതാക്കൾ.
അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍ സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട് മാതാവ് വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അവരെയും അരുണ്‍ കുത്തി. സൂര്യയുടെ തലമുതല്‍ കാലുവരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേൽപിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ആക്രമണം തുടർന്നു.
വിചാരണയിൽ 88 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കും. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ, വിനു മുരളി എന്നിവർ ഹാജരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.