സ്വർണജയന്തി എക്സ്പ്രസിലെ കവർച്ച: മൂന്ന് കൊൽക്കത്ത സ്വദേശികൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ട്രെയിനിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി വനിത യാത്രികരുടെ സ്വർണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നുപേരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശികളായ മുഹമ്മദ് കയാം (47), ഷൗക്കത്തലി (50), സുബൈർ (49) എന്നിവരെയാണ് മുംബൈയിൽനിന്ന് കേരളത്തിലേക്ക് ട്രെയിനിൽ യാത്രചെയ്യവെ നാടകീയ നീക്കത്തിലൂടെ പിടികൂടിയത്.
കഴിഞ്ഞമാസം 12നാണ് നിസാമുദ്ദീൻ-തിരുവനന്തപുരം സ്വർണജയന്തി എക്സ്പ്രസിൽ മാതാവിനെയും മകളെയും മയക്കി പതിനാറര പവൻ ആഭരണങ്ങളും രണ്ട് മൊബൈൽ ഫോണും 1500 രൂപയും കവർന്നത്. ആഗ്രയിൽ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിജയലക്ഷ്മി (45), മകൾ അഞ്ജലി (20) എന്നിവരാണ് കവർച്ചക്ക് ഇരയായത്. മോഷണം ഭയന്ന് പാൻറ്സിൽ പ്രത്യേകം തയ്പിച്ച അറയിലാണ് വിജയലക്ഷ്മി സ്വർണം െവച്ചിരുന്നത്. ഈ അറ കത്തികൊണ്ട് കീറിയാണ് ആഭരണങ്ങൾ കവർന്നത്. കുപ്രസിദ്ധ റെയിൽവേ കുറ്റവാളിയും ഗുജറാത്ത് സൂറത്ത് സ്വദേശിയുമായ അസ്ഗർ ബഗ്ഷയാണ് കവർച്ചക്ക് പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം. വിജയലക്ഷ്മി ഇയാളുടെ ഫോട്ടോ തിരിച്ചറിയുകയും ചെയ്തു. ബഗ്ഷക്കായി മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിലാണ് മുഹമ്മദ് കയാമിനെപ്പറ്റി വിവരം ലഭിച്ചത്. ട്രെയിനിൽ വിജയലക്ഷ്മിയുടെയും മകളുടെയും എതിർ സീറ്റിൽ കയാം ഉണ്ടായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ സ്ത്രീകളെ നിർബന്ധിച്ചത് ഇയാളാണ്. കയാം റിസർവേഷനായി നൽകിയ വിലാസം ചെറുതുരുത്തി സ്വദേശിയുടെതായിരുന്നു. തുടർന്ന് ഇവരുടെ മൊബൈൽ നമ്പർ പരിശോധിച്ച് വരുന്നതിനിടയിലാണ് കഴിഞ്ഞ പ്രാവശ്യം നൽകിയ അതേ മേൽവിലാസത്തിൽ പിൻകോഡ് ഉപയോഗിച്ച് ഒരേ പി.എൻ.ആറിൽ മൂന്ന് വ്യത്യസ്ത പേരുകളിൽ മംഗള എക്സ്പ്രസിൽ സംഘം വീണ്ടും കേരളത്തിലേക്ക് വരുന്നതായി കണ്ടത്.
റെയിൽവേ പൊലീസ് എസ്.പി ഗോപകുമാറിെൻറ നേതൃത്വത്തിൽ 14 അംഗസംഘം രണ്ട് ടീമുകളായി തിരിഞ്ഞ് മുംബൈയിലേക്ക് തിരിച്ചു. തുടർന്ന് മംഗള എക്സ്പ്രസിൽനിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം സെപ്റ്റംബർ 12ന് ഇവർക്കൊപ്പം മറ്റൊരു കമ്പാർട്ട്മെൻറിൽ യാത്രചെയ്ത കോയമ്പത്തൂർ സ്വദേശി കൗസല്യയുടെ മൊബൈൽ ഫോണും മോഷണം പോയിരുന്നു. ഇതിന് പിന്നിൽ പിടിയിലായവരല്ലെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.