പെൻഷൻ കുടിശികയിൽ വലഞ്ഞ് തയ്യൽത്തൊഴിലാളികൾ
text_fieldsതിരുവനന്തപുരം: അഞ്ചു മാസത്തെ പെൻഷൻ കുടിശികയിൽ വലഞ്ഞ് തയ്യൽത്തൊഴിലാളികൾ. സാമൂഹ്യക്ഷേമ പെൻഷന് സമാനമായി 1600 രൂപയാണ് വിരമിച്ച തയ്യൽത്തൊഴിലാളികൾക്ക് പെൻഷനായി ലഭിക്കുന്നത്. ഈ തുകയെങ്കിലും കൃത്യമായി വിതരണം ചെയ്യണമെന്ന ഇവരുടെ ആവശ്യത്തിന് അധികാരികളുടെ ശ്രദ്ധ പതിയുന്നില്ല.
പൊതുപ്രവർത്തകനായ രാജു വാഴക്കാലയുടെ വിവരാവകാശത്തിന് മറുപടിയായാണ് അഞ്ചുമാസത്തെ കുടിശികയുണ്ടെന്ന വിവരം ലഭിച്ചത്. ഒരു മാസത്തെ പെൻഷൻ അടുത്തയാഴ്ച വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഇവർക്ക് സന്തോഷിക്കാനാവുന്നില്ല. കുടിശിക കൂടി അനുവദിച്ചുകിട്ടിയാലേ ഉപകാരമാവുകയുള്ളൂ.
വിരമിച്ചവരിൽ ഭൂരിപക്ഷവും പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. പെൻഷൻ തുകയെങ്കിലും കൃത്യമായി ലഭിച്ചാൽ മരുന്നിന് ഉപകാരപ്പെടുമെന്നാണ് ഇവരുടെ അഭിപ്രായം. സംസ്ഥാനത്താകെ 1,10,000 പേരാണ് തയ്യൽത്തൊഴിലാളി ക്ഷേമനിധി പെൻഷൻ വാങ്ങുന്നത്. മുൻപൊക്കെ പെൻഷനു വേണ്ടി സർക്കാർ വിഹിതം കൂടി അടച്ചിരുന്നെങ്കിലും 2020ഓടെ അത് നിർത്തി.
അതേ വർഷം ഏപ്രിലിൽ തൊഴിലാളിയുടെ ക്ഷേമ വിഹിതം 20 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തുകയും ചെയ്തു. അന്ന് പെൻഷൻ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. അതിനു പിന്നാലെയാണ് കുടിശിക വന്നു തുടങ്ങിയത്. 2024 ഫെബ്രുവരിക്കു ശേഷം നാലു മാസത്തെ കുടിശികയാണ് ഇപ്പോഴും നിലനിൽക്കുന്നത്.
ഇതിനു ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആൾ കേരള ടെയിലേഴ്സ് അസോസിയേഷൻ ഉൾപ്പെടെ സർക്കാരിന് പലതവണ നിവേദനം നൽകിയിരുന്നു. കുടിശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിലിൽ വലിയ സമരം നടത്തിയതിനു പിന്നാലെയാണ് ഒരു മാസത്തെയെങ്കിലും തുക അനുവദിച്ചു നൽകിയത്. തങ്ങളുടെ ദുരിതം തീരാൻ ഇനിയുമെത്ര കാലം കാത്തിരിക്കണമെന്നാണ് ഇവരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.