ടെക്നോപാർക്ക്: മഹാമാരിക്കാലത്തും കയറ്റുമതിയിൽ വർധന, 1600ഓളം തൊഴിലവസരവും
text_fieldsതിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും ടെക്നോപാര്‍ക്കില്‍ പുതുതായി 1,500ലധികം തൊഴിലവസരം സൃഷ്ടിച്ചതായി അധികൃതർ. 41 കമ്പനികള്‍ക്കായി ലക്ഷത്തോളം ചതുരശ്ര അടി സ്ഥലമാണ് ടെക്നോപാര്‍ക്കില്‍ 2020-21ൽ അനുവദിച്ചത്. പുറമേ 30 കമ്പനികള്‍ക്ക് 1,10,000 ചതുരശ്ര അടി സ്ഥലം അനുവദിക്കാൻ നടപടി പുരോഗമിക്കുകയാണ്. ഇതുവഴി 1,600ഓളം തൊഴിലവസരം ഉടനുണ്ടാവും.
നിലവില്‍ 465 കമ്പനികളിലായി 63,700 ജീവനക്കാരാണ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. കയറ്റുമതി വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 611 കോടി രൂപയുടെ വര്‍ധനയുണ്ടായി. 460 കമ്പനികളില്‍ നിന്നായി 8,501 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ടെക്നോപാര്‍ക്ക് നേടിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ടെക്നോപാര്‍ക്കിലെ 450 കമ്പനികളില്‍ നിന്നായി 7,890 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം. 2019-20ൽ ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ എണ്ണം 62,000 ആയിരുന്നു. 20 മാസത്തിനിടെ 1,700 ജീവനക്കാര്‍ കൂടി ടെക്നോപാര്‍ക്കില്‍ ജോലി നേടി.
ബഹിരാകാശ സാങ്കേതികവിദ്യകളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ട് ടെക്നോസിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുന്ന 'ടി.സി.എസ് എയ്റോസ്പെയ്സ് ഹബ്', ലിവ്-വര്‍ക്ക്-പ്ലേ സങ്കല്പത്തില് ടെക്നോപാര്‍ക്ക് ഫെയ്സ് ത്രീ കാമ്പസില്‍ 57 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലൊരുങ്ങുന്ന 'എംബസി-ടോറസ് ഡൗണ്ടൗണ് ട്രിവാന്‍ഡ്രം', തുടങ്ങിയ സംരംഭങ്ങളിലൂടെ നിരവധി തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.