'ലോക്ഡൗണായി' വസ്ത്രവ്യാപാരം; പ്രതിസന്ധി രൂക്ഷമെന്ന് വ്യാപാരികൾ
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങളും ലോക്ഡൗണും പ്രഖ്യാപിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായി ജില്ലയിലെ വസ്ത്രവ്യാപാരികൾ. ഇതിൽ ചെറുകിട കച്ചവടക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കിവരുന്നത്.
ശനിയാഴ്ചമുതൽ പൂർണ അടച്ചിടലിലേക്ക് കടക്കുകയുമാണ്. അതിനനുസൃതമായി ജില്ലയിലുടനീളം നിയന്ത്രണങ്ങളും കടുപ്പിക്കും. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാം അടച്ചിടാനാണ് നിർദേശം. കഴിഞ്ഞ ഒന്നരവർഷത്തോളമായി കോവിഡ് പ്രതിസന്ധിയിൽ വ്യാപാരമേഖലയാകെ തകർന്ന അവസ്ഥയിലാണ്.
അതിൽ ഏറ്റവും വലിയ ബുദ്ധിമുട്ടിലായത് വസ്ത്രവ്യാപാരികളാണ്. ലക്ഷങ്ങൾ മുടക്കി സ്റ്റോക് ചെയ്യുന്ന വസ്ത്രങ്ങൾ അതത് സീസണുകളിൽ വിറ്റഴിഞ്ഞില്ലെങ്കിൽ ഇത് ഒൗട്ട്ഒാഫ് ഫാഷനാകും.
പിന്നീട് ഇൗ സാധനങ്ങൾ വിറ്റുപോകില്ല. ഇൗ രീതിയിൽ വലിയ നഷ്ടമാണ് ഇൗരംഗത്ത് വ്യാപാരികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ കടക്കെണിയിൽപെട്ട് 88 ഒാളം വസ്ത്രശാലകൾ ജില്ലയിൽ അടച്ചുപൂട്ടി.
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞതവണ പ്രഖ്യാപിച്ച ലോക്ഡൗൺ നഷ്ടങ്ങളിൽനിന്ന് കരകയറിവരവെയാണ് വീണ്ടും ലോക്ഡൗണിലേക്ക് കാര്യങ്ങളെത്തുന്നത്. വിഷു, പെരുന്നാൾ, സ്കൂൾ യൂനിഫോം കച്ചവടങ്ങൾ കണക്കിലെടുത്ത് വായ്പയെടുത്തും മറ്റും ലക്ഷങ്ങളുടെ സ്റ്റോക്കാണ് പല കച്ചവടക്കാരും കടകളിൽ നിറച്ചത്. കടതുറക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെ വലിയ നഷ്ടത്തിലേക്ക് കച്ചവടക്കാർ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന നിയന്ത്രണങ്ങളിൽ, അവശ്യസാധനങ്ങളുടെ പട്ടികയിൽപെടുത്തി സൂപ്പർമാർക്കറ്റുകൾ പലതും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതും ചെറുകിടക്കാർക്ക് വലിയ തിരിച്ചടിയായി. സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വസ്ത്രശാലകൾ അത്യാവശ്യസാധനങ്ങളുടെ മറവിൽ തുറന്ന് പ്രവർത്തിപ്പിച്ചു. ഇെതാരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് ഒാൾ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് വെൽഫെയർ അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി ഷാക്കിർ ചൂണ്ടിക്കാട്ടി.
നിയന്ത്രണങ്ങളും ലോക്ഡൗണും ഒക്കെ നടപ്പാക്കുേമ്പാൾ വസ്ത്രവ്യാപാരികളുടെ പ്രശ്നങ്ങൾകൂടി സർക്കാർ മനസ്സിലാക്കണം. വാടക, ബാങ്ക് വായ്പ, നികുതി, വൈദ്യുതി ചാർജ് തുടങ്ങി കാര്യങ്ങളിൽ ഇളവുകൾ സർക്കാർ പ്രഖ്യാപിക്കേണ്ടതാണ്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടും വസ്ത്രവ്യാപാരികൾക്ക് അനുകൂലമായി ഒരു ഇളവും സർക്കാർ പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.