തങ്കമണി കൊലക്കേസ്: പ്രതിയുമായി തെളിവെടുപ്പ്
text_fieldsപോത്തൻകോട്: മംഗലപുരം കൊയ്ത്തൂർകോണത്ത് ഭിന്നശേഷിക്കാരിയായ തങ്കമണിയെ (69) പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി തൗഫീക്കിനെ (33) വെള്ളിയാഴ്ച സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പൊലീസ് വാഹനത്തിൽ നിന്നിറക്കി കൊണ്ടുപോകുമ്പോൾ പ്രതിക്കുനേരെ തങ്കമണിയുടെ ബന്ധുക്കളും നാട്ടുകാരും രോഷാകുലരായി പാഞ്ഞടുത്തു. ഉടൻ പൊലിസ് പ്രതിക്ക് ചുറ്റും വലയം തീർത്താണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. പോത്തൻകോട് മാർക്കറ്റിലും ചാലയിലെ ജുവലറിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
ആറ്റിങ്ങൽ ഡിവൈ.എസ്.പി മജ്ഞുലാലിന്റെ നിർദേശാനുസരണം മംഗലപുരം എസ്.എച്ച്.ഒ ഹേമന്ദ് കുമാർ, കഠിനംകുളം എസ്.എച്ച്.ഒ സാജൻ, എസ്.ഐമാരായ രാജീവ്, അനിൽകുമാർ, എ.എസ്.ഐ താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ചൊവ്വാഴ്ച രാവിലെയാണ് കൊയ്ത്തൂർക്കോണം ഈശ്വര വിലാസം യു.പി സ്കൂളിന് എതിർവശം താമസിക്കുന്ന ഭിന്നശേഷിക്കാരിയായ തങ്കമണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
തങ്കമണിയുടെ വീടിന് മുന്നിലെ പുരയിടത്തിൽ വിവസ്ത്രയായി ഉടുമുണ്ട് മൂടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മുഖത്ത് മുറിവിന്റെ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലായിരുന്നു. തലയിലും രഹസ്യഭാഗങ്ങളിലും മുറിവുണ്ടായിരുന്നു. കമ്മലുകൾ പ്രതി അപഹരിച്ചിരുന്നു. കവർച്ച ശ്രമത്തിനിടെ മരിച്ചതെന്ന് പൊലീസ് ആദ്യം കരുതിയിരുന്നെങ്കിലും പോസ്റ്റുമോർട്ടത്തിനുശേഷമാണ് പീഡനം നടന്നതായി തെളിഞ്ഞത്.
പോക്സോ കേസ്, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ പോത്തൻകോട് കണിയാർകോണം തെങ്ങുവിളാകത്ത് വീട്ടിൽ തൗഫീഖ് (33) ആണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിലായത്. സമീപത്തെ റേഷൻകടയിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
ചെങ്കൽചൂള രാജാജി നഗറിൽനിന്ന് മോഷ്ടിച്ച ബൈക്കുമായെത്തിയ തൗഫീഖ് കൊയ്ത്തൂർ കോണത്തെത്തിയപ്പോൾ ബൈക്ക് തകരാറിലായി അവിടെ തങ്ങുമ്പോഴാണ് തങ്കമണിയെ കാണുന്നത്. പരിസരത്ത് ആരുമില്ലെന്ന് മനസ്സിലാക്കിയാണ് തങ്കമണിയെ പിൻതുടർന്നത്. കമ്മൽ പിടിച്ചു പറിക്കുന്നതിനിടെ തങ്കമണി തലയടിച്ചു വീണു. തുടർന്ന് ബലാത്സംഗം നടത്തിയ ശേഷം കമ്മലും കവർന്നാണ് പ്രതി രക്ഷപ്പെട്ടു. തുടർന്ന് മംഗലപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.