എസ്.ഐയുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസിലെ പ്രതിയെ വെറുതെവിട്ടു
text_fieldsതിരുവനന്തപുരം: അയൽവാസികളുടെ തർക്കം തീർക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചെന്ന കേസിലെ പ്രതിയെ വെറുതെവിട്ടു. ഫോർട്ട് പൊലീസ് സ്റ്റേഷൻ മുൻ എസ്.ഐ ശ്രീജിത്തിനെയും സംഘത്തെയും ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലെ പ്രതിയെയാണ് വെറുതെവിട്ടത്.
പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താലാണ് പ്രതിയായിരുന്ന മഹാദേവനെ (48) കോടതി വെറുതെവിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
2013 ഒക്ടോബർ 22ന് രാത്രി 9.15നാണ് സംഭവം. ഡ്രൈനേജ് ജോലിയുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ തർക്കം അക്രമാസക്തമായെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തിയത്. അവിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നായിരുന്നു പൊലീസ് കേസ്. കേസിലെ പ്രതിയും പരാതി നൽകിയ വ്യക്തിയും തമ്മിൽ സിവിൽ കേസ് ഉണ്ടെന്നും ഇതിന്റെ പേരിൽ നൽകിയ കള്ളക്കേസാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ, പ്രതി നടത്തിയത് പൊലീസിനെതിരെയുള്ള ആക്രമണമായിരുന്നുവെന്ന് പ്രോസിക്യൂഷൻ പ്രതിഭാഗത്തിന് മറുപടി നൽകി. എന്നാൽ, കേസിൽ ആരോപിക്കുന്ന കുറ്റങ്ങൾ തെളിക്കാനുള്ള ഒരു ഘടകവും വിചാരണയിൽ കണ്ടെത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഭാഗത്തിന് വേണ്ടി നന്ദുപ്രകാശ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.