ട്രോളിങ് നിരോധന കാലമെത്തുന്നു; ക്രമീകരണമൊരുക്കാൻ യോഗം ഇന്ന്
text_fieldsതിരുവനന്തപുരം: മൺസൂൺകാല ട്രോളിങ് നിരോധനത്തിന് പ്രാഥമിക ഒരുക്കം തുടങ്ങി. ക്രമീകരണങ്ങൾ നിശ്ചയിക്കുന്നതിനും നിരോധന കാലയളവ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനും മുന്നോടിയായി ഫിഷറീസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച യോഗം ചേരും. ഓൺലൈനായി ചേരുന്ന യോഗത്തിൽ മത്സ്യത്തൊഴിലാളി മേഖലയിലെ സംഘടനാ പ്രതിനിധികൾ, ബോട്ടുടമ ഭാരവാഹികൾ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
ജൂൺ 10 മുതൽ 52 ദിവസത്തേക്കാവും നിരോധനം. ഇതിനു മുന്നോടിയായി പട്രോളിങ് ശക്തിപ്പെടുത്തൽ ഉൾപ്പെടെയുള്ളവ ഫിഷറീസ് വകുപ്പ് ജില്ല തലത്തിലും അവലോകനം ചെയ്തിട്ടുണ്ട്. മന്ത്രിതലയോഗത്തിനു ശേഷം ജില്ലകളിൽ യോഗം ചേർന്ന് ക്രമീകരണങ്ങൾക്ക് അന്തിമരൂപം നൽകും. നിരോധനം 90 ദിവസമാക്കി വർധിപ്പിക്കണമെന്ന ആവശ്യമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നത്. മത്സ്യങ്ങളുടെ പ്രജനനകാലം ജൂൺ മുതൽ ആഗസ്റ്റ് വരെയാണെന്നും ഈ കാലയളവിൽ നിരോധനം നടപ്പാക്കുന്നത് ട്രോളിങ് ബോട്ടുകൾക്ക് ഉൾപ്പെടെ ഗുണകരമാവുമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ചൂണ്ടിക്കാട്ടുന്നു. ട്രോളിങ് നിരോധനം അശാസ്ത്രീയമാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, നിരോധനം വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നാണ് ബോട്ടുടമകൾ കുറ്റപ്പെടുത്തുന്നത്. ശാസ്ത്രീയ കാഴ്ചപ്പാട് നിരോധനത്തിനില്ലെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. 3300 ഓളം ബോട്ടുകൾ കടലിൽ പോകുന്നത് തടയുമ്പോൾ ബോട്ടുകളെക്കാൾ വലിയ ‘കപ്പൽ വള്ള’ങ്ങൾ നിർബാധം മീൻ പിടിക്കുന്നു. ട്രോളിങ് വഴി പിടിക്കുന്ന കടലിന്റെ അടിത്തട്ടിലെ മത്സ്യങ്ങളുടെ പ്രജനനകാലം ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ്. കയറ്റുമതി പ്രധാന്യമുള്ള കരിക്കാടി ചെമ്മീൻ, നാരൻ, കിളിമീൻ തുടങ്ങിയവ സമൃദ്ധമായി കിട്ടുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ നിരോധനം മൂലം കോടികളുടെ മത്സ്യസമ്പത്താണ് നഷ്ടമാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പതിറ്റാണ്ടുകളായി തുടരുന്ന വാദപ്രതിവാദങ്ങൾക്കിടെയും ട്രോളിങ് നിരോധനം ഗുണകരമാണെന്ന വിലയിരുത്തലിൽ തന്നെയാണ് ഫിഷറീസ് വകുപ്പ്.
‘ട്രോളിങ് നിരോധനം 90 ദിവസമാക്കണം’
തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത മത്സ്യബന്ധനമേഖലയെ സംരക്ഷിക്കാൻ ട്രോളിങ് നിരോധനം 90 ദിവസമാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഓരോവർഷവും മത്സ്യസമ്പത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും സർക്കാർ മുഖംതിരിഞ്ഞുനിൽക്കുകയാണ്. സംസ്ഥാനത്തെ മത്സ്യവറുതി നേരിടാൻ മത്സ്യവരൾച്ച പാക്കേജ് വേണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നു.
നിലവിലെ മത്സ്യമേഖലയിലെ ക്ഷേമപദ്ധതികളും സാമ്പത്തികപ്രതിസന്ധിമൂലം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ തയാറാവുന്നില്ല. ഈ സാഹചര്യത്തിൽ 90 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കി മേഖലയെ സംരക്ഷിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. അബ്ദുൽ റാസിക്ക്, എസ്. സ്റ്റീഫൻ, ആന്റോ ഏലിയാസ്, വി.എസ്. പൊടിയൻ, രാജു ആശ്രയം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.