ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായെന്ന് ബി.ജെ.പിക്ക് സംശയം
text_fieldsതിരുവനന്തപുരം: തലസ്ഥാനനഗരിയുടെ ഭരണം പിടിക്കുമെന്നും മറ്റ് ജില്ലകളിൽ സ്ഥിതി മെച്ചപ്പെടുത്തുമെന്നും അവകാശപ്പെട്ട ബി.ജെ.പിയെ ആശങ്കപ്പെടുത്തി ന്യൂനപക്ഷ വോട്ടുകൾ. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള പല വാർഡിലും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായോയെന്ന് അവർ സംശയിക്കുന്നു.
ജില്ല പ്രസിഡൻറ് വി.വി. രാജേഷ് ഉൾപ്പെടെ മത്സരിച്ച സ്ഥലങ്ങളിൽ ഇൗ ആശങ്കയുണ്ട്. കഴിഞ്ഞതവണ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 35 സീറ്റിൽ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇക്കുറി അത്രയും സീറ്റ് ലഭിക്കുമോയെന്ന ആശങ്കയാണ് നേതൃത്വത്തിന്. നൂറ് സീറ്റുകളിൽ 55 മുതൽ 60 സീറ്റുവരെ വിജയിച്ച് അധികാരം നേടുമെന്ന് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും സിറ്റിങ് സീറ്റുകളിൽ പത്തിലധികം നഷ്ടപ്പെടുമെന്ന ആശങ്കയും അവർ മറച്ചുവെക്കുന്നില്ല. എന്നാൽ, പുതുതായി കൂടുതൽ വാർഡുകളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിക്കുന്നു.
മുസ്ലിം പശ്ചാത്തലമുള്ള പാർട്ടികളുടെ സ്ഥാനാർഥികൾ മത്സരിച്ച വാർഡുകളിൽ മികച്ച പ്രകടനം കാഴ്ചെവക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്നാൽ, കോർപറേഷനിലെ ചില വാർഡുകളിൽ ബി.ജെ.പി സ്ഥാനാർഥികൾ വിജയിക്കാതിരിക്കാൻ മുസ്ലിം, ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണമുണ്ടായെന്നാണ് വ്യക്തമാകുന്നത്.
ജാതീയ നീക്കുപോക്കുകളും ചില വാർഡുകളിൽ ബി.ജെ.പിക്ക് തിരിച്ചടിയായേക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ബി.ജെ.പിക്ക് കൂടുതൽ പ്രാതിനിധ്യമുണ്ടാകുമെന്നും തിരുവനന്തപുരം ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ അംഗങ്ങൾ കൂടുമെന്നുമാണ് അവരുടെ മറ്റ് അവകാശവാദങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.