തോട്ടിൽ കുളിക്കാനിറങ്ങി കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
text_fieldsതിരുവനന്തപുരം: കനത്ത മഴക്കിടെ കണ്ണമ്മൂലഭാഗത്ത് ആമയിഴഞ്ചാൻ തോട്ടിൽ കുളിക്കാനിറങ്ങി കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഝാർഖണ്ഡ് സാഹിബഗഞ്ച് സ്വദേശിയായ നഹർ ദ്വീപ് മണ്ഡലിെൻറ (29) മൃതദേഹമാണ് തിങ്കളാഴ്ച ആക്കുളം ബോട്ട് ക്ലബ് ഭാഗത്തെ കായലിൽനിന്ന് സ്‌കൂബ ടീം കണ്ടെത്തിയത്.
രണ്ടുദിവസത്തെ നീണ്ട തിരച്ചിലിനൊടുവിലാണ് വൈകീട്ട് 6.30 ഓടെ മൃതദേഹം കണ്ടെത്തിയത്. 16ന് ഉച്ചക്ക് 12നായിരുന്നു ഇയാൾ ഒഴുക്കിൽപെട്ടത്. കണ്ണമ്മൂല അയ്യൻകാളി റോഡിൽ സഹോദരൻ സഹൽ ദ്വീപ് മണ്ഡലിനും സഹതൊഴിലാളികൾക്കുമൊപ്പമായിരുന്നു താമസം. കൂടെയുള്ളവർ ഉറങ്ങിക്കിടക്കുന്നതിനിെടയാണ് നഹർ ദ്വീപ് കുളിക്കാൻ പോയത്. തോട്ടിലേക്ക് ഇറങ്ങുന്നതിനിടയിൽ കാൽവഴുതി വെള്ളത്തിലേക്ക് വീണിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. നല്ല ഒഴുക്കുള്ള പ്രദേശമാണിത്. ഫയർഫോഴ്സ് ചാക്ക യൂനിറ്റിെൻറ നേതൃത്വത്തിൽ സ്‌കൂബ ടീം ഉൾപ്പെടെ സ്ഥലത്തെത്തി രാത്രിവരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സുബാഷ് കെ.ബി, ഓഫിസർ ലിജു. വി.വി, രഞ്ജിത്, അമൽരാജ്, ദിനൂപ്, രതീഷ്, സുജയൻ എന്നിവരാണ് രണ്ടുദിവസമായി തിരച്ചിൽ നടത്തിയത്. നിർമാണജോലിക്കായി 10 വർഷം മുമ്പാണ് നഹർ ദീപും സംഘവും തിരുവനന്തപുരത്ത് എത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.