പൊലീസിന് പുല്ലുവില; കഞ്ചാവ്, മയക്കുമരുന്ന് ലോബി തലപൊക്കുന്നു
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ പൊലീസ് പ്രവർത്തനം കേന്ദ്രീകരിച്ചതോടെ ജില്ലയിൽ ഒരിടവേളക്കുശേഷം കഞ്ചാവ്-മയക്കുമരുന്ന് ലോബി തലപൊക്കുന്നു.
തിങ്കളാഴ്ച പുലർച്ച ട്രാവൻകൂർ മാളിന് സമീപത്തെ വീട്ടിലെ സമ്പത്തിെൻറ കൊലപാതകവും ഞായറാഴ്ച രാത്രി റോഡിൽ നടക്കാനിറങ്ങിയ ഏജീസ് ഓഫിസ് ജീവനക്കാർക്കും അവരുടെ ഭാര്യമാർക്കുമെതിരെയുണ്ടായ അതിക്രമവും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പൊലീസിൽ പരാതി നൽകിയവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് ജില്ലയിലെ അക്രമിസംഘം ശക്തരായി.
ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നും കോടികൾ വിലവരുന്ന കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതിെൻറ തെളിവാണ് ഞായറാഴ്ച നഗരത്തിൽനിന്ന് പിടികൂടിയ 110 കിലോ കഞ്ചാവ്. ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ സ്പെഷൽ ഡ്രൈവിലാണ് സമ്പൂർണ ലോക്ഡൗൺ ദിനമായ ഞായറാഴ്ച ഇത്രയും കഞ്ചാവ് പേട്ട, പൂജപ്പുര പൊലീസ് സ്റ്റേഷനുകളിൽ പിടികൂടിയത്. അപ്പോഴും വലിയ കണ്ണികളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നതാണ് വസ്തുത. പൊതികളിലാക്കി വിൽക്കുന്ന ചെറുകിട കച്ചവടക്കാർ മാത്രമാണ് കുടുങ്ങുന്നത്.
സമ്പൂർണ ലോക്ഡൗൺ ദിവസം നഗരത്തിൽ 100 കിലോ കഞ്ചാവ് ഇറക്കിയ കോയമ്പത്തൂർ രജിസ്ട്രേഷൻ വാഹനംപോലും കണ്ടുപിടിക്കാൻ സിറ്റി പൊലീസിന് കഴിഞ്ഞില്ല. അധികം വാഹനങ്ങൾ നിരത്തിലിറങ്ങാത്തതിനാൽ കർശന പൊലീസ് പരിശോധന ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ലക്ഷങ്ങളുടെ ലഹരിമരുന്ന് ജില്ലയിലേക്ക് കടത്തിയത്. അത്രത്തോളം ധൈര്യം ലഹരിമാഫിയക്ക് ഉണ്ടായി.
രണ്ടാഴ്ച മുമ്പ് സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ ആറ്റുകാലിൽ കഞ്ചാവ് സംഘങ്ങൾ അക്രമം നടത്തുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. ഈ മാസം പേരൂർക്കടയിൽ മൂന്നംഗസംഘത്തിെൻറ ആക്രമണത്തിൽ പരിക്കേറ്റയാൾ ചോര വാർന്ന് മരിച്ചു. കഴിഞ്ഞദിവസം വെള്ളറടയിൽ കഞ്ചാവ് കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാരെ ഒരു സംഘം ആക്രമിച്ചിരുന്നു. എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കാണ് പരിക്കേറ്റത്.
ഒരു മാസത്തിനിടെ 663 കിലോ കഞ്ചാവും 10 കഞ്ചാവ് ചെടികളും എക്സൈസ് പിടികൂടി. എന്നാൽ, ഇതിന് അനേകമിരട്ടി ലഹരിമരുന്ന് തലസ്ഥാനത്ത് എത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു.
പൊലീസ് സ്റ്റേഷനുകളുടെ തലപ്പത്തും അതിന് മുകളിലുമുള്ളവർ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്ന് എത്തിയവരാണ്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും സ്വന്തം ജില്ലയിലേക്ക് മടക്കിയയക്കാത്തതിെൻറ പരിഭവം ഭൂരിഭാഗം ഉദ്യോഗസ്ഥർക്കുമുണ്ട്. ഈ നീരസം ഡ്യൂട്ടിയിലും പരിശോധനയിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് സേനാംഗങ്ങൾക്കിടയിലെ സംസാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.