തെരഞ്ഞെടുപ്പിന് സജ്ജമായി തലസ്ഥാനം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭ മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകൾ നാലാഞ്ചിറയിലുള്ള മാർ ഇവാനിയോസ് വിദ്യാനഗർ കാമ്പസിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ സജ്ജമായി.
ആറ് സ്ഥാപനങ്ങളിലായാണ് രണ്ട് ലോക്സഭ മണ്ഡലങ്ങളിലുൾപ്പെടുന്ന 14 നിയോജക മണ്ഡലങ്ങളിലെയും പോളിങ് മെഷീനുകൾ സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമുകൾ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടർ ജെറോമിക് ജോർജ് സന്ദർശിച്ചു. സുരക്ഷ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തി.
സ്ട്രോങ് റൂമുകൾ നിരീക്ഷിക്കുന്നതിനായി മാർ ഇവാനിയോസ് കോളജിൽ സജ്ജമാക്കിയ കേന്ദ്രീകൃത സി.സി.ടി.വി കൺട്രോൾ റൂം ജില്ല കലക്ടർ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം ഏപ്രിൽ 26 മുതൽ ജൂൺ നാല് വരെ കേന്ദ്രസേനയുടെയും കേരള പൊലീസിന്റെയും നേതൃത്വത്തിൽ ത്രീ ടയർ സുരക്ഷാസംവിധാനമാണ് സ്ട്രോങ് റൂമുകൾക്ക് ഒരുക്കുന്നത്. സ്ട്രോങ് റൂമുകൾ 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും.
ഇതിനായി മാർ ഇവാനിയോസ് കോളജിൽ കേന്ദ്രീകൃത സി.സി.ടി.വി കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിനായി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെയും ചുമതലപ്പെടുത്തി.
കൂടാതെ മാർ ഇവാനിയോസ് കോളജിലെ സി.സി.ടി.വി കൺട്രോൾ റൂമിന് സമീപം സ്ട്രോങ് റൂമുകൾ നിരീക്ഷിക്കാൻ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടി ചീഫ് ഏജന്റുമാർക്കും പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സർവോദയ സി.ബി.എസ്.ഇ (തിരുവനന്തപുരം), മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് (ആറ്റിങ്ങൽ, നെടുമങ്ങാട്), സർവോദയ ഐ.സി.എസ്.ഇ-സെന്റ് പീറ്റേഴ്സ് ബ്ലോക്ക്(വാമനപുരം), സർവോദയ ഐ.സി.എസ്.ഇ (പാറശ്ശാല, കോവളം), സർവോദയ ഐ.സി.എസ്.ഇ ലിറ്റിൽ ഫ്ലവർ ബ്ലോക്ക് (കാട്ടാക്കട), മാർ തെയോഫിലസ് ട്രെയിനിങ് കോളജ് (വർക്കല, ചിറയിൻകീഴ്), മാർ ഇവാനിയോസ് കോളജ് (വട്ടിയൂർക്കാവ്, അരുവിക്കര), മാർ ഇവാനിയോസ് -കോമേഴ്സ് വിഭാഗം (കഴക്കൂട്ടം), സെന്റ് ജോൺസ് എച്ച്.എസ്.എസ് (നേമം, നെയ്യാറ്റിൻകര) എന്നിവിടങ്ങളിലാണ് സ്ട്രോങ് റൂമുകൾ പ്രവർത്തിക്കുന്നത്.
വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് വൈകീട്ട് പോളിങ് കഴിയുന്ന മുറക്ക് അതത് മണ്ഡലങ്ങളുടെ ഇ.വി.എം മെഷീനുകൾ സ്ട്രോങ് റൂമുകളിലെത്തിക്കും.
തുടർന്ന് ബന്ധപ്പെട്ട വരണാധികാരികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും കേന്ദ്രസേനയുടെയും കേരള പൊലീസിന്റെയും സാന്നിധ്യത്തിൽ സീൽ ചെയ്ത് വോട്ടെണ്ണൽ ദിനമായ ജൂൺ നാല് വരെ ശക്തമായ സുരക്ഷയിൽ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. വോട്ടെണ്ണൽ അതത് സ്ട്രോങ് റൂമുകൾക്ക് സമീപം സജ്ജീകരിച്ച ഹാളുകളിലാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.