നൂറ്റാണ്ട് പഴക്കമുള്ള തോട് മണ്ണിട്ട് നികത്തി
text_fieldsവിതുര: നൂറ്റാണ്ട് പഴക്കമുള്ള തോട് മണ്ണിട്ട് നികത്തി ഭൂമാഫിയ. തൊളിക്കോട് പഞ്ചായത്തിലെ പനക്കോട് ആലംകോട് പ്രദേശത്താണ് ഭൂമാഫിയ ഏക്കർ കണക്കിന് വസ്തു വാങ്ങി അനധികൃതമായി മണ്ണിടിച്ചു തോടും തണ്ണീർത്തടങ്ങളും മൂടുന്നത്.
ആലംകോട് ഭാഗത്തുനിലം ഉൾപ്പെടെയുള്ള വസ്തു വാങ്ങിയവർ കിഴക്കും തെക്കും നിന്നൊഴുകി വരുന്ന തോട് പൂർണമായും നികത്തി കഴിഞ്ഞു. നൂറ്റാണ്ടുകളായി പലരുടെയും വസ്തുവിന്റെ മധ്യഭാഗത്തു കൂടി ഒഴുകി പടിഞ്ഞാറുള്ള ആലംകോട് വലിയ തോട്ടിൽ പതിക്കുന്ന തോടാണിത്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഭൂമാഫിയ ആണ് തോട് നികത്തിയതെന്ന് മറ്റ് വസ്തു ഉടമകൾ ആരോപിക്കുന്നു.
തോട് നികത്തിയതോടെ മുകളിൽനിന്നു ഒഴുകിവരുന്ന വെള്ളം മറ്റ് വസ്തുക്കളിൽ കെട്ടിനിൽക്കുന്നത് വിളനാശത്തിന് കാരണമാകുന്നു. വഴികളിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വസ്തുക്കളിൽ തന്നെ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. മറ്റ് വസ്തു ഉടമകൾ തോട് നികത്തിയതിനെതിരെ പഞ്ചായത്തിലും ആർ.ഡി. ഒക്കും പരാതി നൽകിയതോടെ സ്ഥലപരിശോധന നടത്തി തടസ്സം നീക്കം ചെയ്യാൻ മണ്ണിട്ട വസ്തു ഉടമക്ക് നോട്ടീസ് നൽകിയെങ്കിലും മണ്ണ് നീക്കം ചെയ്യാതെ അവർ കോടതിയെ സമീപിച്ചു. തുടർന്ന് മറ്റ് വസ്തു ഉടമകളും തോട് നികത്തിയത് മാറ്റി പൂർവ സ്ഥിതിയിൽ ആക്കണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തി.
രണ്ട് വിഭാഗത്തിന്റെയും കേസുകൾ ഹൈകോടതിയിൽ നില നിൽക്കെ ഭൂമഫിയയുടെ റവന്യൂ രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമി തരം മാറ്റാൻ ആർ.ഡി.ഒക്ക് അപേക്ഷ നൽകി ഉത്തരവ് വാങ്ങിയതായി പറയുന്നു.
തോട് മണ്ണിട്ട് നികത്തി മറ്റ് വസ്തുക്കളിൽ വെള്ളക്കെട്ട് ഉണ്ടാക്കി ഉടമകളെ സമ്മർദത്തിലാക്കി കുറഞ്ഞ വിലക്ക് ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്നും മറ്റ് വസ്തു ഉടമകൾ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.