നഗരം ഇരുട്ടിൽ; പിന്നിൽ കെ.എസ്.ഇ.ബിയോ, സ്വകാര്യ കമ്പനിയുടെ പിടിപ്പുകേടോ!
text_fieldsതിരുവനന്തപുരം: ‘‘എയർപോർട്ട് മുതൽ പാളയം റൂട്ടിൽ സ്ട്രീറ്റ്ലൈറ്റ്സ് എന്നൊരു സാധനം 90 ശതമാനം സ്ഥലത്തും കത്തുന്നില്ല. തലസ്ഥാനം ആണ് പോലും’’.. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കണ്ട ഒരു പോസ്റ്റാണ്. താഴെ പിന്തുണച്ചുള്ള നിരവധി കമന്റുകളുമുണ്ട്.
പാളയം പോലെ തിരക്കേറിയ നഗരപ്രദേശങ്ങളിൽ തെരുവു വിളക്കുകൾ കത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. ഭാഗ്യംകൊണ്ട് മാത്രമാണ് തങ്ങൾ അപകടമൊന്നും കൂടാതെ വീട്ടിലെത്തുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. കഴിഞ്ഞ കുറച്ചുനാളായി തെരുവുവിളക്കുകൾ നന്നാക്കണമെന്ന പരാതി കോർപറേഷനിൽ ലഭിക്കുന്നുണ്ട്. കേടായ തെരുവുവിളക്കുകൾ മാറ്റിയിടാനും നന്നാക്കാനുമുള്ള കോൺട്രാക്ട് സ്വകാര്യ കമ്പനിക്കാണ് കോർപറേഷൻ നൽകിയിരിക്കുന്നത്.
കമ്പനി തങ്ങളുടെ ജോലി കൃത്യമായി ചെയ്യാൻ തയാറാണെങ്കിലും കെ.എസ്.ഇ.ബിക്ക് ഇതുമായി സഹകരിക്കാൻ വലിയ താത്പര്യമില്ലാത്തതാണ് തെരുവുവിളക്കുകൾ കത്താതെ കിടക്കുന്നതെന്ന ആരോപണമുണ്ട്. കെ.എസ്.ഇ.ബിയുടെ സൂപ്പർവൈസർ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത് കൊടുത്താൽ മാത്രമേ ഇവർക്ക് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി ചെയ്യാൻ സാധിക്കുകയുള്ളൂ. കെ.എസ്.ഇ.ബിയുടെ ഒരു സെക്ഷനിൽ മൂന്നും നാലും വാർഡുകളാണുള്ളത്.
ഇതിനെല്ലാം കൂടി നൽകുന്നതോ ഒരു സൂപ്പർവൈസറെ മാത്രം. അതുകാരണം, ഒരു സെക്ഷനിൽ പണി തീരാൻ ദിവസങ്ങളെടുക്കുന്നു. കൃത്യമായി നൽകുന്ന തീയതിക്ക് പണി നടക്കുന്നില്ല. എന്നാൽ, നെയ്യാറ്റിൻകര പഞ്ചായത്തിൽ നവീകരണം നൂറുശതമാനം പൂർത്തിയായി.
തിരുവനന്തപുരത്തും കഴക്കൂട്ടത്തും അൻപത് ശതമാനം പണി പൂർത്തിയായെന്ന് കോർപറേഷൻ പറയുമ്പോഴും അത് എവിടെയെന്ന് ചൂണ്ടിക്കാട്ടാമോയെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. കൗൺസിലർമാർ കയറിയിറങ്ങി നടന്നാൽ മാത്രമാണ് അറ്റകുറ്റപ്പണിക്കായുള്ള ഡേറ്റെങ്കിലും കിട്ടുന്നതെന്ന പരാതിയുമുണ്ട്.
എന്നാൽ, കെ.എസ്.ഇ.ബിയ്ക്ക് നിസഹകരണം ആദ്യം ഉണ്ടായിരുന്നതായും നിലവിൽ അത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ ജോലി പുരോഗമിക്കുകയാണെന്നും മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ പറഞ്ഞു.
ജൂൺ 30 നുള്ളിൽ നഗരത്തിലെ തെരുവു വിളക്കുകളെല്ലാം ശരിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവ്, പൂജപ്പുര, വലിയതുറ, വള്ളക്കടവ് ഭാഗങ്ങളിൽ പണി പൂർത്തിയായി. നന്ദൻകോടും കവടിയാറും ശംഖുംമുഖത്തും നവീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
എയർപോർട്ട്, ചാക്ക ഭാഗത്തെ റോഡിലെ തെരുവു വിളക്കുകളിൽ 90 ശതമാനവും കേരള റോഡ് ഫണ്ട് ബോർഡിന്റെ ഉത്തരവാദിത്തത്തിലാണ്. നഗരസഭക്ക് വളരെ കുറച്ച് തെരുവ് വിളക്ക് മാത്രമേയുള്ളൂ. ആ ഭാഗം ഇരുട്ടിൽ കിടക്കുന്ന വിഷയം മേയർ തന്നെ റോഡ് ഫണ്ട് ബോർഡിനെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം നടപടികൾ പൂർത്തിയാക്കാമെന്നാണ് അവർ ഉറപ്പു നൽകിയതെന്നും മേടയിൽ വിക്രമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.