തിരുവനന്തപുരം നഗരം ദീപാലങ്കൃതമാകും
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തിരശ്ശീലയുയരാൻ രണ്ട് ദിനങ്ങൾ ബാക്കിനിൽക്കെ മിന്നിത്തിളങ്ങാനൊരുങ്ങി തലസ്ഥാനം. കൗമാരകലയെ ഇരുകൈയും നീട്ടി സ്വീകരിക്കാനായി സെന്‍ട്രല്‍ സ്റ്റേഡിയം മുതൽ കലോത്സവം നടക്കുന്ന 25 വേദികളുള്‍പ്പെടെ റോഡുകളുടെ ഇരുവശങ്ങളും എൽ.ഇ.ഡി ലൈറ്റുകളാല്‍ മനോഹരമാക്കും. കലോത്സവം കഴിയുന്ന എട്ടാം തീയതിവരെ ഈ വെളിച്ച വിസ്മയം തുടരും.
എ.കെ.എസ്.ടി.യുവിന്റെ നേതൃത്വത്തിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി മികച്ച വെളിച്ച-ശബ്ദ സംവിധാനമാണ് കലോത്സവത്തില്‍ ഉറപ്പാക്കുന്നത്. പരാതികള്‍ക്ക് ഇടനല്‍കാതെ മികച്ചതും സൂക്ഷ്മവുമായ ശബ്ദ-വെളിച്ച ക്രമീകരണം ഉറപ്പാക്കുമെന്ന് കൺവീനർ ലോര്ധോന്, ജോയിന്റ് കണ്‍വീനര്‍ അനോജ് എന്നിവര്‍ പറഞ്ഞു. ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വ്യാഴാഴ്ച വൈകീട്ട് ആറിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. വേദികള്‍ക്കുപുറമെ അഞ്ച് പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, പുത്തരിക്കണ്ടത്തെ ഭക്ഷണശാല, കുട്ടികള്‍ക്കുള്ള താമസ സ്ഥലങ്ങൾ, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലും വെളിച്ചവും ശബ്ദവും ഒരുക്കും. സെക്രട്ടേറിയറ്റ് പരിസരം വിവിധ വര്‍ണങ്ങള്‍ വിരിയുന്ന പാര് ലൈറ്റുകളാൽ അലങ്കരിച്ചിട്ടുണ്ട്. എൽ.ഇ.ഡി ലൈറ്റുകള്ക്കു പുറമെ ട്യൂബ് ലൈറ്റുകളും ഹാലജന്‍ ലാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് ക്ലസ്റ്ററുകളിലായി തിരിച്ചാണ് ഇവയുടെ ഏകോപനം. എല്ലാ വേദിയിലും രണ്ട് ജനറേറ്റര്‍ വര്‍ക്കിങ്ങിനും ഒന്ന് സ്റ്റാൻഡ് ബൈ ആയും ഉണ്ടാകും.
മണക്കാട് മുതല്‍ പാളയം എല്‍.എം.എസ് വരെ റോഡില്‍ ഇരുവശവും ലൈറ്റുകളാൽ അലങ്കരിക്കും. 25,000ത്തിലേറെ എൽ.ഇ.ഡി ലൈറ്റുകളാണ് ഇതിനായി സജ്ജമാക്കിയത്. കനകക്കുന്നില്‍ ടൂറിസം വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ലൈറ്റുകള്‍ കലോത്സവം കഴിയും വരെ തുടരാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.