മൂന്ന് വാർഡിൽ കൂടി സ്വീവേജ് ലൈൻ സ്ഥാപിക്കാനൊരുങ്ങി കോർപറേഷൻ
text_fieldsതിരുവനന്തപുരം: നഗരത്തിലെ കൂടുതൽ വാർഡുകളിൽ സ്വീവേജ് ലൈൻ സ്ഥാപിക്കുന്നു. മൂന്ന് വാർഡുകളിലേക്ക് കൂടി സ്വീവേജ് ലൈൻ സ്ഥാപിക്കാനാണ് കോർപറേഷന്റെ തീരുമാനം. പൈപ്ലൈൻ സ്ഥാപിക്കുന്നതുസംബന്ധിച്ച പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ 44 വാർഡുകളിൽ സ്വീവേജ് ലൈനുണ്ട്. അതിനൊപ്പം കാലടി, ആറ്റുകാൽ, അമ്പലത്തറ വാർഡുകളിലേക്കുകൂടിയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. പൈപ്പ്ലൈൻ മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമായി കൂട്ടിയോജിപ്പിക്കും.
ജനസാന്ദ്രത കൂടിയ ഈ മൂന്ന് വാർഡിൽ കൂടി പൈപ്പ് ലൈൻ എത്തുമ്പോൾ പ്രദേശത്തെ സെപ്റ്റേജ് മാലിന്യശേഖരണം കൂടുതൽ എളുപ്പമാകും. പതുക്കെപ്പതുക്കെ കോർപറേഷൻ മുഴുവൻ സ്വീവേജ് ലൈൻ സ്ഥാപിക്കലാണ് ലക്ഷ്യം. 44 വാർഡുകൾ ഒഴികെയുള്ള ഇടങ്ങളിൽ ടാങ്കർലോറിയിലാണ് സെപ്റ്റിക് മാലിന്യം മുട്ടത്തറയുള്ള സ്വീവേജ് പ്ലാന്റുകളിൽ എത്തിക്കുന്നത്. 153 കോടിയുടെ പദ്ധതി സാങ്കേതിക അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
പദ്ധതിനിർവഹണ ചുമതല വാട്ടർ അതോറിറ്റിക്കായിരിക്കും. അർബൻ ഇൻഫ്രാസ്ട്രക്ചർ െഡവലപ്മെന്റ് ഫണ്ടിൽനിന്നാണ് ഈ പദ്ധതിക്കായുള്ള 153 കോടി രൂപ കോർപറേഷൻ വായ്പയെടുക്കുന്നത്.
കോർപറേഷന്റെ തനത് പ്ലാൻ ഫണ്ടിൽനിന്ന് ഏഴുവർഷം കൊണ്ട് വായ്പ തിരിച്ചടക്കണം. അതും അഞ്ചുശതമാനം പലിശ ഉൾപ്പെടെ. സ്വീവേജ് പൈപ്ലൈൻ കൂടുതൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മുട്ടത്തറയിൽ 15 കോടി ചെലവിൽ പുതിയ ട്രീറ്റ്മെന്റ്പ്ലാന്റ് നിർമിക്കും.
അർബൻ അഗ്ലോമറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽ ജലം ഒരുവട്ടം കൂടി ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് ഉണ്ടാവുക. ഇതിൽ 34 ശതമാനം നഗരസഭയുടെ തനത് ഫണ്ടാണ്. ബാക്കി സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ട്, കേന്ദ്ര സർക്കാറിന്റെ ഫണ്ട് എന്നിവ വഴിയാണ് ചെലവഴിക്കുന്നത്. 107 എം.എൽ.ഡിയുടെ മുട്ടത്തറയിലുള്ള സ്വീവേജ് പ്ലാന്റിൽ 67 എം.എൽ.ഡി മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പുതിയ സ്വീവേജ് പൈപ്ലൈൻ വരുന്നതോടെ ഈ സ്ഥിതി മാറും. നിലവിൽ പ്ലാന്റിൽനിന്നുള്ള ശുദ്ധീകരിച്ച വെള്ളം പുറത്തേക്കൊഴുക്കിക്കളയുകയാണ്. ഇതിന്റെ 20 ശതമാനം ഒന്നുകൂടി ശുദ്ധീകരിച്ച് കെട്ടിടനിർമാണം, പൂന്തോട്ടം നനയ്ക്കൽ തുടങ്ങിയ വൻകിട ആവശ്യങ്ങൾക്കായി ചെറിയ തുകക്ക് നൽകാനും കോർപറേഷൻ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.