കോടതി അലക്ഷ്യ കേസ് അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: കഞ്ചാവ് കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി ഉത്തരവ് നടപ്പാക്കാത്ത സംഭവത്തിൽ സിറ്റി പൊലീസ് മേധാവിക്കെതിരെ സ്വീകരിച്ച കോടതി അലക്ഷ്യ കേസ് കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവിനെതിരെയാണ് കോടതി അലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച രാവിലെ കോടതിയിൽ നേരിട്ട് എത്തി വിശദീകരണം നൽകുകയായിരുന്നു.
നിങ്ങളുടെ കീഴുദ്യോഗസ്ഥൻ ചെയ്ത തെറ്റ് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്ന് ജഡ്ജി കെ. സനിൽകുമാർ ചോദിച്ചു. ഞാൻ അംഗീകരിക്കുന്നു എന്ന് കമീഷണർ മറുപടി പറഞ്ഞു. ഇതിനെ തുടർന്ന് കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിച്ചു. തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2018 ൽ വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏക പ്രതി സൻജിത്ത് ജാമ്യം എടുത്തശേഷം കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി പ്രതിയുടെ ജാമ്യക്കാർക്കെതിരെ കേസെടുത്തു.
പ്രതിയെ പൊലീസിന് കാണിച്ചുകൊടുത്തിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാവുന്നില്ലെന്ന് ഒന്നാം ജാമ്യക്കാരനായ ജോൺ കോടതിയെ അറിയിച്ചു. ഇതിനെതുടർന്ന് കോടതി സിറ്റി െപാലീസ് കമീഷണർ മുഖേന പ്രതിക്ക് വാറന്റ് നടപ്പാക്കാൻ നിർദേശം നൽകി. വാറന്റ് നടപ്പാക്കാത്തതിനെ തുടർന്ന് നടപടി സിറ്റി പൊലീസ് കമീഷണറോട് വിശദീകരണം നൽകാൻ കോടതി ഉത്തരവ് നൽകി.
കമീഷണർ വിശദീകരണം നൽകാതെ കന്റോൺമെന്റ് എ.സിയെ ചുമതലപ്പെടുത്തി. വിശദീകരണം നൽകാൻ കീഴുദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയ സിറ്റി പൊലീസ് കമീഷണറുടെ നടപടിയെ തുടർന്നാണ് കേസ് സ്വമേധയാ എടുത്തത്. കോടതിയിൽ നേരിട്ടെത്തി വിശദീകരണം നൽകാനും കോടതി നിർദേശിച്ചു. 2018 മാർച്ച് 23 നാണ് സംഭവം. കേസിലെ ഏക പ്രതി സൻജിത്തിനെതിരെ ഒരു കിലോ കഞ്ചാവുമായി വട്ടിയൂർക്കാവ് പൊലീസാണ് കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.