ലെനിന് രാജേന്ദ്രന്റെ ചരമവാർഷികത്തിലും ചര്‍ച്ചയായി ശിഷ്യയുടെ മരണം
text_fieldsതിരുവനന്തപുരം: പ്രമുഖ സംവിധായകന് ലെനിന് രാജേന്ദ്രന്റെ നാലാം ചരമ വാര്‍ഷികദിനത്തിൽ ചര്‍ച്ചകളിൽ നിറഞ്ഞ് നിന്നത് പ്രിയ ശിഷ്യ നയനാ സൂര്യന്റെ ദുരൂഹ മരണം. ലെനിന് രാജേന്ദ്രന് മരിച്ച് ഒരു മാസം പിന്നിടുമ്പോഴായിരുന്നു നയനയുടെ മരണം.
ലെനിൻ രാജേന്ദ്രന്റെ ശിഷ്യയും സഹസംവിധായികയുമായിരുന്നു നയന. അദ്ദേഹത്തിന്റെ മരണം നയനയെയും ഏറെ വിഷമത്തിലാഴ്ത്തിയിരുന്നു. അതിനുപിന്നാലെയാണ് ഫെബ്രുവരിയിൽ ആൽത്തറ ജങ്ഷന് സമീപത്തെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ നയനയെ കണ്ടത്.
അന്ന് കാര്യമായ വിവാദങ്ങളൊന്നും ഉണ്ടായില്ലെങ്കിലും നാല് വർഷത്തിന് ശേഷം ആ മരണം പുനരന്വേഷണത്തിലേക്ക് നീങ്ങുകയാണ്. കൊലപാതകമെന്ന നിലയിലാണ് അന്വേഷണം. അതിനായി ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിനും രൂപംനൽകി.
സംഘം കേസ് ഡയറി ഉൾപ്പെടെ പരിശോധിച്ച് വരികയാണ്. മെഡിക്കൽ ബോർഡ് രൂപവത്കരണം ഉൾപ്പെടെ നടപടികളിലേക്ക് കടന്നിട്ടുമുണ്ട്. ഇതിനിടെയാണ് ലെനിൻ രാജേന്ദ്രന്റെ ചരമവാർഷികവും കടന്നുപോയത്.
കച്ചവട സിനിമകള്‍ക്ക് പിന്നാലെ പോകാതെ കലാമൂല്യമുള്ള ചിത്രങ്ങള്‍ മാത്രം മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനായിരുന്നു ലെനിന് രാജേന്ദ്രന്. 1982ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ‘വേനല്‍’ മുതല്‍ ഈ മൂല്യവും നിലപാടും കാത്തുസൂക്ഷിച്ചിരുന്നു.
’ഇടവപ്പാതി’ എന്ന സിനിമയില്‍ സംവിധാന സഹായി ആയാണ് നയനാ സൂര്യന് ഇദ്ദേഹത്തിന്റെ ശിഷ്യയാകുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ എല്ലാ ഡോക്യുമെന്ററികളിലും സ്റ്റേജ് ഷോകളിലുമെല്ലാം നയന പ്രധാന സഹായിയായി. ഒടുവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ‘വാസവദത്ത’ എന്ന ചിത്രത്തിലും ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.