ലഹരി മാഫിയ ശക്തം; പരിശോധന പ്രഹസനംകൊണ്ട് ആർക്കാ ഗുണം സർ..
text_fieldsതിരുവനന്തപുരം: ജില്ലയിൽ വിദ്യാർഥികൾക്കിടയിലടക്കം ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുമ്പോൾ സർക്കാർതല ഇടപെടലുകൾ ലക്ഷ്യം കാണുന്നില്ല. ലഹരി വിൽപന സംഘങ്ങൾ യുവാക്കളെയും കോളജ് വിദ്യാർഥികളെയും ലക്ഷ്യമിട്ട് പ്രവർത്തനം വിപുലപ്പെടുത്തുന്ന സാഹചര്യമാണ്. കോളനികൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ, തീരമേഖലകൾ എന്നിവിടങ്ങളിൽ ലഹരി മാഫിയ കേന്ദ്രീകരിക്കുന്നെന്നാണ് സമീപകാല സംഭവങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ ദിവസം ലഹരി വിൽപനക്കെതിരെ നിലപാടെടുത്ത യുവാവിനെ നഗരമധ്യത്തിലെ കോളനിയിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായി. വ്യക്തിവൈരാഗ്യം മൂലമാണ് കൊലയെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നയാളാണ് കൊല്ലപ്പെട്ടതെന്ന യാഥാർഥ്യം നിലനിൽക്കുന്നു.
മിക്ക കോളനികളിലും ലഹരിക്കെതിരെ പ്രദേശവാസികൾതന്നെ കൂട്ടായ്മകൾ രൂപവത്കരിച്ച് രംഗത്തുണ്ട്. എങ്കിലും ലഹരി വസ്തുക്കളുടെ വിൽപന നഗരത്തിലെ മിക്ക മേഖലകളിലും തടസ്സംകൂടാതെ തുടരുന്നു.
സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവും വ്യാപനവും തടയുന്നതിനായി ‘യോദ്ധാവ്’ എന്ന പേരിൽ പുതിയ പദ്ധതിക്ക് പൊലീസ് രൂപം നൽകിയിരുന്നു. സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള പദ്ധതി വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹികനീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്തലും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കലുമാണ് ലക്ഷ്യം.
സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരെയും പദ്ധതിയുമായി സഹകരിപ്പിക്കുന്നുണ്ട്. മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡാറ്റാബേസ് തയാറാക്കാനും നടപടി തുടങ്ങിയിരുന്നു. ലഹരിക്കെതിരെ പൊലീസും എക്സൈസും സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുമുണ്ട്. ഒരുഭാഗത്ത് ഇത്തരം പ്രവർത്തനങ്ങൾ സജീവമാകുമ്പോൾതന്നെ മറുവശത്ത് ലഹരിവ്യാപാരം ശക്തമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.