സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശമ്പളമില്ലാതെ 108 ആംബുലൻസ് ജീവനക്കാർ, ഓട്ടം നിലക്കുമെന്ന് ആശങ്ക
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ തീയതി 17 കഴിഞ്ഞിട്ടും 108 ആംബുലൻസ് ജീവനക്കാർക്ക് ശമ്പളമില്ല. ഇതോടെ വരുംദിവസങ്ങളിൽ ‘കനിവ് 108’ ആംബുലൻസ് ഓട്ടം നിലക്കാൻ സാധ്യത. സംസ്ഥാന സർക്കാറിൽനിന്ന് ലഭിക്കേണ്ട കുടിശ്ശിക തുക 100 കോടി പിന്നിട്ടതോടെയാണ് 108 ആംബുലൻസ് പ്രവർത്തനം അവതാളത്തിലായത്.
വാഹനങ്ങളിൽ ഇന്ധനം, ജീവനക്കാരുടെ ശമ്പളം, ആംബുലൻസുകളിലെ ഓക്സിജൻ, മരുന്നുകൾ എന്നിവ ഉൾപ്പെടെ ലഭ്യമാക്കൽ എന്നിവക്ക് പണമില്ലാത്ത സ്ഥിതിയാണ്.
എന്നാൽ ശമ്പളവിതരണം സംബന്ധിച്ചോ സർവിസ് നിർത്തുന്നത് സംബന്ധിച്ചോ വ്യക്തതക്ക് അധികൃതർ തയാറാകുന്നില്ല. പദ്ധതി നിലച്ചാൽ അടിയന്തര സാഹചര്യത്തിൽ പൊതുജനം മറ്റ് മാർഗങ്ങൾ തേടണം. നിലവിൽ സെപ്റ്റംബർ മാസത്തെ ശമ്പളവിതരണം അനിശ്ചിതത്വത്തിലാണ്. ആരോഗ്യവകുപ്പിന്റെ 60 ശതമാനവും ദേശീയ ആരോഗ്യദൗത്യത്തിന്റെ 40 ശതമാനവും വിഹിതത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്. ആരോഗ്യവകുപ്പിന്റെ വിഹിതം ലഭിക്കാതെ വന്നതും ദേശീയ ആരോഗ്യദൗത്യത്തിന്റെ വിഹിതത്തിൽ കുടിശ്ശിക വന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് അധികൃതർ പറയുന്നു. 2023 ഡിസംബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കുടിശ്ശികത്തുകയാണ് 100 കോടി പിന്നിട്ടിരിക്കുന്നത്.
മേയ് മൂന്നിന് സ്വകാര്യകമ്പനിയുമായുള്ള കേരള മെഡിക്കൽ സർവിസസ് കോർപറേഷന്റെ അഞ്ചുവർഷത്തെ കരാർ അവസാനിച്ചെങ്കിലും മൂന്നുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു. ആഗസ്റ്റ് മൂന്നിന് ഈ കരാറും അവസാനിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. നിലവിൽ വ്യക്തമായ കരാറില്ലാതെയാണ് സ്വകാര്യകമ്പനി സംസ്ഥാനത്ത് 108 ആംബുലൻസ് പ്രവർത്തനം നടത്തുന്നത്. പുതിയ ടെൻഡർ നടപടികളും മന്ദഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.