ടെക്നോപാർക്കിലെ ആദ്യ സെക്യൂരിറ്റി ജീവനക്കാരൻ പടിയിറങ്ങുന്നു
text_fieldsതിരുവനന്തപുരം: 'ചുറ്റും പറങ്കിമാവിൻകെട്ടും ഇഴജന്തുക്കളും വിജനമായ ചുറ്റുപാടും. മണ്ണെണ്ണ റാന്തലും രണ്ട് ബാറ്ററി ടോർച്ചും പിന്നെയൊരു വടിയുമാണ് ആകെ കൈവശമുള്ളത്. പേടിതോന്നുന്ന ചുറ്റുപാടിലും ധൈര്യം ചോരാതെ ജോലി ചെയ്തു, ഇപ്പോൾ അഭിമാനം തോന്നുന്നു'... ടെക്നോപാർക്കിൽനിന്ന് പടിയിറങ്ങുമ്പോൾ ആദ്യ സെക്യൂരിറ്റി ജീവനക്കാരനായ മോഹനക്കുറുപ്പ് ആ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെക്കുറിച്ച് ഓർക്കുന്നത് ഇങ്ങനെയാണ്.
30 വർഷത്തിലേറെ നീണ്ട സെക്യൂരിറ്റി ജോലിയിൽനിന്ന് തിങ്കളാഴ്ച ടെക്നോപാർക്കിന്റെ സ്വന്തം 'കുറുപ്പേട്ടൻ' വിരമിക്കുകയാണ്. തുടക്കത്തിൽ ഒപ്പമുണ്ടായിരുന്ന പലരും മറ്റ് പല ജോലികൾക്കുമായി പോയി. അക്കാലമെല്ലാം ഇന്നലത്തേതുപോലെ മനസ്സിലുണ്ട്. പറങ്കിമാവുകളും ഇഴജന്തുക്കളും തിങ്ങിനിറഞ്ഞ വിജനമായ വൈദ്യൻകുന്നിൽനിന്ന് കേരളത്തിന്റെ വ്യവസായ ചരിത്രം മാറ്റിയെഴുതിയ ടെക്നോപാർക്കിലേക്കുള്ള വളർച്ചയിലെ നേർസാക്ഷിയാണ് പന്തളം തെക്കേക്കര സ്വദേശിയായ ഈ 63 കാരൻ. പൊടിപിടിക്കാത്ത ഓർമകളിൽ നിന്ന് അവയെല്ലാം ഭദ്രവുമാണ്.
വി.എസ്.എസ്.ഇയിൽ ജോലി ചെയ്തിരുന്ന സഹോദരനെ സന്ദർശിക്കാനെത്തിയപ്പോഴാണ് യാദൃശ്ചികമായി തിരുവനന്തപുരം സെക്യൂരിറ്റി ഏജൻസിയിൽ ജോലി കിട്ടുന്നത്. ടെക്നോപാർക്കിന്റെ ഓഫിസ് ആദ്യം പ്രവർത്തിച്ചത് വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് എതിർവശത്തെ രണ്ടുനില കെട്ടിടത്തിലാണ്. അവിടെയായിരുന്നു ആദ്യം മോഹനക്കുറിപ്പിന് ജോലി. ഇതിനിടെയാണ് ടെക്നോപാർക്കിനായി വൈദ്യൻകുന്നിൽ സ്ഥലമേറ്റെടുക്കുന്നത്. അങ്ങനെയാണ് സുരക്ഷ ചുമതലക്കായി വൈദ്യൻകുന്നിലേക്കെത്തുന്നത്. അന്ന് കെട്ടിടമൊന്നും വന്നിട്ടില്ല. പകൽനേരത്ത് പോലും കടന്നുചെല്ലാൻ ആളുകൾ ഭയപ്പെട്ടിരുന്ന സ്ഥലമായിരുന്നു ഇവിടം. സെക്യൂരിറ്റി ജീവനക്കാർക്ക് താമസിക്കാൻ അവിടെ ഷെഡ് കെട്ടി നൽകിയിരുന്നു. മാസത്തിലൊരിക്കലേ വീട്ടിൽ പോകാനാകൂ. താമസമെല്ലാം ഷെഡിൽ തന്നെ. ഭക്ഷണം ഊഴമനുസരിച്ച് ഒരോദിവസും ഓരോരുത്തർ. 600 രൂപയാണ് മാസശമ്പളം.
കാട് മാത്രമല്ല, വിഷപ്പാമ്പുകളായിരുന്നു വലിയ വെല്ലുവിളി. സാമൂഹികവിരുദ്ധരുടെ ശല്യം വേറെയും. ഇതൊക്കെ അതിജീവിച്ചാണ് ഭാവിയുടെ സോഫ്റ്റ്വെയർ സ്പന്ദനങ്ങൾക്ക് കുറുപ്പേട്ടനും കൂട്ടരും സുരക്ഷയൊരുക്കിയത്. വഴിയൊരുക്കാനായി മല കീറുന്നതിനും മണ്ണുമാന്തിയും ടിപ്പറുകളുമൊക്കെ എത്തിയത് ഇന്നത്തേതുപോലെ കുറപ്പേട്ടന് ഓർമയുണ്ട്. അന്ന് അളക്കാനുള്ള ടേപ്പ് പിടിക്കാനും അടയാളക്കല്ലിടാനുമെല്ലാം സെക്യൂരിറ്റിക്കാരും കൂടെച്ചേർന്നിരുന്നു. ടെക്നോപാർക്ക് യാഥാർഥ്യമായതോടെ താമസിക്കാനുള്ള ഷെഡ് ഒഴിവാക്കി. പകരം കഴക്കൂട്ടം ശാന്തിനഗറിലെ വാടകവീട്ടിലേക്ക് മാറി.
ടെക്നോപാർക്കിന്റെ ഉദ്ഘാടനത്തിന് ഗേറ്റിലായിരുന്നു കുറുപ്പേട്ടന് ജോലി. പിന്നീട് ഒരോ കെട്ടിടങ്ങൾ പൂർത്തിയാകുമ്പോഴും ഡ്യൂട്ടി മാറിക്കൊണ്ടിരുന്നു. ഇവിടെനിന്ന് പിരിഞ്ഞുപോകുമ്പോൾ മനസ്സിന് വലിയ പ്രയാസമുണ്ടെന്ന് മോഹനക്കുറുപ്പ് പറയുന്നു. പുറത്ത് മറ്റ് ജോലി കിട്ടുമെങ്കിലും അതിനൊന്നും നിൽക്കാതെ പന്തളത്തേക്ക് മടങ്ങാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.