ജെറ്റ് സന്തോഷ് വധത്തിലെ പ്രതികളെ വെറുതെവിട്ട നടപടി; തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പക വീണ്ടും ചർച്ചയാകുന്നു
text_fieldsതിരുവനന്തപുരം: ജെറ്റ് സന്തോഷ് കൊലക്കേസ് പ്രതികളെ വെറുതെവിട്ട ചൊവ്വാഴ്ചയിലെ ഹൈകോടതി വിധി ഓർമ്മപ്പെടുത്തുന്നത് തലസ്ഥാനത്തെ ഗുണ്ട കുടിപ്പക. 2004ൽ നവംബറിൽ ജെറ്റ് സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അതിക്രൂരമായി വധിച്ച കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ച രണ്ടു പ്രതികളെയും ജീവപര്യന്തം ശിക്ഷിച്ച അഞ്ച് പേരെയും വെറുതെ വിടാനാണ് ഹൈകോടതി ഉത്തരവ്.
ജെറ്റ് സന്തോഷ് കൊലക്കേസിൽ ഏഴാം പ്രതിയായ അമ്മയ്ക്കൊരു മകൻ സോജു എന്ന അജിത് കുമാർ, ഒന്നാം പ്രതി ജാക്കി എന്ന അനിൽ കുമാർ എന്നിവരുടെ വധശിക്ഷയും പത്താം പ്രതി സി.എൽ.കിഷോർ, അഞ്ചാം പ്രതി സുര എന്ന സുരേഷ് കുമാർ, രണ്ടാം പ്രതി പ്രാവ് ബിനു എന്ന ബിനുകുമാർ, ഒമ്പതാം പ്രതി ബിജുക്കുട്ടൻ എന്ന ബിജു, എട്ടാം പ്രതി കൊച്ചു ഷാജി എന്ന ഷാജി എന്നിവരുടെ ജീവപര്യന്തവുമാണ് ഹൈക്കോടതി റദ്ദാക്കിയത്. അടുത്തിടെ
ക്രഷർ ഉടമ ദീപുവിനെ കാറിൽ കഴുത്തറുത്ത് കൊന്നകേസിൽ പ്രതിയായ ചൂഴാറ്റുകോട്ട അമ്പിളി എന്ന സജികുമാറിന്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജെറ്റ് സന്തോഷ്. സഹായി മൊട്ട അനിയുമായി ചേർന്ന് മുക്കുന്നിമല പ്രദേശത്ത് സ്പിരിറ്റ് കടത്തും ചാരായ നിർമാണത്തിലും ഏർപ്പെട്ടിരുന്നു അമ്പിളി. ഇവർ തമ്മിൽ തെറ്റിയതാണ് ജെറ്റ് സന്തോഷിന്റെ കൊലപാതകത്തിലേക്ക് നയിച്ച പശ്ചാത്തലം.
അനിയുടെ ജ്യേഷ്ഠനായ സുര എന്ന സുരേഷ് കുമാറിന്റെ ഭാര്യയുമായി ജെറ്റ് സന്തോഷിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെക്കൊണ്ട് സുരയും മൊട്ട അനിയും സന്തോഷിനെ വീട്ടിലേക്ക് വിളിപ്പിച്ചു. സന്തോഷുമായി മുൻവൈരാഗ്യമുണ്ടായിരുന്ന ജാക്കി എന്ന അനിൽ കുമാറിനെയും കൂടെക്കൂട്ടി. അവിടെ നിന്ന് സുരയും അനിയും ചേർന്ന് സന്തോഷിനെ അടുത്തുള്ള ബാർബർ ഷോപ്പിൽ മുടി വെട്ടിക്കാൻ കയറ്റി. ശേഷം കേസിലെ മറ്റു പ്രതികളെയും വിളിച്ചു വരുത്തി. അനി വിവാഹം കഴിച്ചത് അമ്മയ്ക്കൊരു മകൻ സോജുവിന്റെ സഹോദരിയെയാണ്. തുടർന്ന് സോജുവും സംഘവും സന്തോഷിനെ തട്ടിക്കൊണ്ടു പോയി പലയിടങ്ങളിലായി എത്തിച്ച് പീഡിപ്പിച്ചു. ഒരു കാലും കൈയും മുറിച്ചു നീക്കിയ നിലയിലായിരുന്നു വെട്ടും കുത്തുമേറ്റ സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. സോജു അടക്കം 10 പ്രതികൾ കേസിൽ അറസ്റ്റിലായി.
ഇതിന്റെ കേസ് നടപടികൾ ഒരുവഴിക്ക് നടന്നപ്പോൾ 2004ൽ നടന്ന കൊലപാതകത്തിന് പിന്നാലെ കുടിപ്പകയും ആരംഭിച്ചു. തന്റെ സ്പിരിറ്റ് കടത്ത് ഒറ്റിയതിന് 2006ൽ മൊട്ട അനിയെ വെട്ടിക്കൊലപ്പെടുത്തി അമ്പിളി കണക്കുതീർത്തു. ഗുണ്ടാകുടിപ്പക പിന്നെയും തുടർന്നു. പാറശാല ബിനു, തങ്കൂട്ടൻ, നെടുങ്കാട് സജി കൊല്ലപ്പെട്ടവരുടെ പട്ടിക നീണ്ടു.
ഇതിനിടയിലും ചൂഴാറ്റുകോട്ട അമ്പിളിയും അമ്മയ്ക്കൊരുമകൻ സോജുവും പരസ്പരം പേടിച്ചാണത്രെ കഴിഞ്ഞത്. രഹസ്യമായാണ് ഇരുവരും തങ്ങളുടെ താവളങ്ങളിൽ കഴിഞ്ഞത്. കൊലപാതകം ഉൾപ്പെടെ 50ഓളം കേസുകളിൽ പ്രതിയാണ് അമ്പിളിയെങ്കിൽ കൊലപാതകം ഉൾപ്പെടെ 24ഓളം കേസുകളാണ് സോജുവിന്റെ പേരിൽ. ജെറ്റ് സന്തോഷ് വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സോജു ജയിലിൽ ആയതോടെ അമ്പിളിയുടെ ഭയം നീങ്ങി. അമിത മദ്യപാനിയായ ഇയാളുടെ കരളിനും കിഡ്നിയുമൊക്കെ അസുഖം ബാധിച്ചതോടെ ഗുണ്ടാപരിപാടികൾക്ക് അറുതിയായി എന്നായിരുന്നു പൊലീസ് കരുതിയത്. അതിനിടെയാണ് ഏവരേയും ഞെട്ടിച്ചു ക്രഷർ ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്പിളി അറസ്റ്റിലാകുന്നത്. ദീപുവിന്റെ കൈയിലുണ്ടായിരുന്ന 10 ലക്ഷം രൂപയ്ക്കു വേണ്ടിയായിരുന്നു കൊലപാതകമെന്ന് പറയുമ്പോഴും മറ്റാർക്കെങ്കിലും വേണ്ടിയുള്ള ക്വട്ടേഷൻ ആയിരുന്നോ തുടങ്ങിയ നിരവധി സംശയങ്ങൾ ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.