വഴിമുടക്കി പൈപ്പുകൾ നീക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ആനയറ ലോഡ്സ് ആശുപത്രിക്ക് സമീപം മഹാരാജ ലെയിനിൽ 150 കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയ കൂറ്റൻ പൈപ്പുകൾ അടിയന്തരമായി നീക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ജല അതോറിറ്റിയുടെ സ്വീവറേജ് ഡിവിഷൻ സൂപ്രണ്ടിങ് എൻജിനീയർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് നിർദ്ദേശം നൽകിയത്.
രണ്ടര മാസമായി വഴിമുടക്കി കിടക്കുന്ന പൈപ്പുകൾ നീക്കം ചെയ്ത് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ സൂപ്രണ്ടിങ് എൻജിനീയർക്ക് നിർദ്ദേശം നൽകി. വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജല അതോറിറ്റി നിർമ്മിക്കുന്ന ഡ്രെയിനേജ് പമ്പിങ് സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കുന്ന കൂറ്റൻ പൈപ്പുകളാണ് ഇവിടെ കൊണ്ടുവന്നിട്ടത്. രണ്ടാഴ്ചക്കകം മാറ്റുമെന്നായിരുന്നു ഉറപ്പ്. എന്നാൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോകാനാവാത്ത സ്ഥിതിയാണുള്ളതെന്ന് കമീഷൻ നിരീക്ഷിച്ചു. ആനയറയിലെ കുടുംബങ്ങളുടെ ദുരിതം ‘മാധ്യമം’ തിങ്കളാഴ്ച റിേപ്പാർട്ട് ചെയ്തിരുന്നു.
ജനത്തെ തടവിലിട്ട തരത്തിൽ വഴിയിൽ കൂറ്റൻ പൈപ്പുകൾ ഇട്ടിട്ട് 100 ദിനം പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കാതെ വന്നപ്പോഴാണ് മനുഷ്യാവകാശ കമീഷന്റെ ഇടപെടലെന്നത് ശ്രദ്ധേയമാണ്. തകരാറിലായ റൊട്ടേഷൻ മോട്ടോറിന് പകരം പുതിയത് ശനിയാഴ്ച എത്തിക്കുമെന്ന് കരാറുകാരൻ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
എന്നാൽ മഴ ശക്തമാകുന്നതോടെ കാര്യങ്ങൾ കുഴങ്ങുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. പൈപ്പുകൾ വലിച്ചു നീക്കാൻ ഉപയോഗിക്കുന്ന മെഷീനിലെ റൊട്ടേഷൻ മോട്ടോർ ഏപ്രിൽ അവസാനത്തോടെ പണി മുടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.