നടുറോഡിൽ ബസ് തടഞ്ഞ സംഭവം; മേയർക്കും എം.എൽ.എക്കുമെതിരായ പ്രതിഷേധവും പരിഹാസവും തെരുവിലേക്ക്
text_fieldsതിരുവനന്തപുരം: കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവും കുടുംബവും ചേർന്ന് സ്വകാര്യ കാർ സീബ്രാലൈനിൽ കുറുകെയിട്ട് ബസ് തടഞ്ഞ സംഭവത്തിൽ പ്രതിഷേധവും പരിഹാസവുമായി ബഹുജന സംഘടനകൾ തെരുവിലേക്ക്.
മേയർക്കെതിരെ പ്രതീകാത്മക പ്രതിഷേധങ്ങൾ
നഗരസഭയുടെ മുന്നില്‍ ‘ഓവര്‍ടേക്കിങ് നിരോധിത മേഖല’ എന്ന ബോര്‍ഡ് സ്ഥാപിച്ച് പ്രതീകാത്മകമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. അതുവഴി കടന്നുപോയ കെ.എസ്.ആര്.ടി.സി ബസുകളില്‍ മേയർക്കെതിരെ പോസ്റ്റർ ഒട്ടിച്ചും പ്രതിഷേധത്തിന് ആക്ഷേപഹാസ്യത്തിന്റെ മൂർച്ചവരുത്തുകയായിരുന്നു അവർ.
ചൊവ്വാഴ്ച രാവിലെ കോര്‍പറേഷന്റെ പ്രധാന കവാടത്തിന് മുന്നിൽ പ്രതിഷേധം ജില്ല പ്രസിഡന്റ് നേമം ഷജീര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നാണ് കവാടത്തിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഡ്രൈവര്‍മാര്‍ക്ക് പ്രതീകാത്മക ബോധവത്കരണ ക്ലാസും നടത്തി.
‘ജോലി പോകാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍’ എന്ന മുഖവുരയോടെയായിരുന്നു ‘ബോധവത്കരണം’. മേയര്‍ ഉള്ള സ്ഥലമാണ്, ഓവര്‍ടേക്കിങ് പാടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കൈയും കെട്ടി മിണ്ടാതിരിക്കണം- ഇങ്ങനെ പോയി ‘ഉപദേശം’.
യാത്രക്കാരെ വഴി തടയുകയും ഡ്രൈവറുടെമേല് കുതിരകയറുകയും ചെയ്യുന്ന മേയര്‍ സ്ത്രീസംരക്ഷണ നിയമങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് നേമം ഷജീര്‍ പറഞ്ഞു.
ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാത്തത് ഇരട്ടത്താപ്പാണ്. അന്യായമായി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയത് പിന്‍വലിക്കണമെന്നും ജില്ല പ്രസിഡന്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഋഷി എസ്. കൃഷ്ണന്, രജിത് രവീന്ദ്രന്, ആര്.എസ്. വിപിന്‍, കെ.എഫ്. ഫെബിന്, ജില്ല വൈസ് പ്രസിഡന്റ് സുല്‍ഫി ബാലരാമപുരം, രേഷ്മ ജി.എസ്, അജീഷ് നാഥ്, അച്ചു അജയ്ഘോഷ്, ബാഹുല്‍ കൃഷ്ണ, അസംബ്ലി പ്രസിഡന്റുമാരായ രഞ്ജിത് അമ്പലമുക്ക്, വിവേക് വി.എസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഡ്രൈവർ കുറ്റം ചെയ്താൽ സംരക്ഷിക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്ര തടസ്സപ്പെടുത്തിയ സംഭവത്തിൽ ഡ്രൈവർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി. യാത്ര തടസ്സപ്പെടുത്തിയ സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
ഡ്രൈവർ ജോലിയിൽ പ്രവേശിക്കേണ്ടെന്ന നിർദേശമുണ്ടല്ലോ തൊഴിലാളി പ്രശ്നമല്ലേയെന്ന് ചോദിച്ചപ്പോൾ അന്വേഷിക്കുമെന്നല്ലേ ഗതാഗതമന്ത്രി പറഞ്ഞത് അത് കഴിയട്ടെയെന്ന് മറുപടി പറഞ്ഞു.
പത്രങ്ങളിലൂടെയാണ് വിഷയം അറിഞ്ഞത്. മേയറുമായി സംസാരിച്ചപ്പോൾ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ബസ് ട്രിപ്പ് മുടങ്ങുന്നത് ആദ്യത്തെ സംഭവമല്ലല്ലോ. ജനപ്രതിനിധികളും പത്രക്കാരുമൊക്കെ ട്രിപ്പ് മുടക്കിയിട്ടുണ്ട്. ചില പത്രങ്ങൾ ഒന്നാം പേജിൽ അമിത പ്രാധാന്യത്തോടെ ഈ വാർത്ത നൽകിയതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.