യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
text_fieldsമംഗലപുരം: കണിയാപുരം പുത്തൻതോപ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒരാളെക്കൂടി മംഗലപുരം പൊലീസ് പിടികൂടി. കഴക്കൂട്ടം കരിയിൽ ആശാൻവിളാകം ജയ ഭവനിൽ ഹരികൃഷ്ണനെയാണ് (25) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി പതിനൊന്നിനാണ് പുത്തൻതോപ്പ് സ്വദേശിയായ നിഖിൽ നോർബെറ്റിനെ പന്ത്രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചത്. പ്രതികളായ പാച്ചിറ സ്വദേശികളായ ഷെഫീഖ്, അശ്വിൻ, അബിൻ, വഞ്ചിയൂർ ചിറമുക്ക് കോളനിയിൽ രാജീവ് (30), ചിറയ്ക്കൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം രാഹുൽ (32) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഈ കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് നിഖിൽ മൂന്നര ലക്ഷം രൂപ തങ്ങളിൽനിന്ന് വാങ്ങിയെന്നും അത് തിരികെ കിട്ടാതെ വന്നപ്പോഴാണ് തട്ടിക്കൊണ്ടുപോയി മർദിച്ചതെന്നുമാണ് തെളിവെടുപ്പിനിടയിൽ പ്രതികൾ പൊലീസിനോട് പറഞ്ഞത്. നേരത്തേയും പലതവണ നിഖിലിന്റെ കൈയിൽനിന്ന് കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്നും പ്രതികൾ പറഞ്ഞു.
നിഖിലിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഴക്കൂട്ടം പൊലീസ് നിഖിലിനെ രക്ഷപ്പെടുത്തിയത്. ലഹരി വിൽപനവുമായി ബന്ധപ്പെട്ട പണത്തിന്റെ തർക്കമാണ് തട്ടിക്കൊണ്ടുപോകലിലും മർദനത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് പ്രതികളെ പിടികൂടാൻ കണിയാപുരം പാച്ചിറയിലെത്തിയ പൊലീസിനുനേരെ രണ്ടുതവണ ബോംബേറ് നടത്തിയാണ് ഷഫീഖ് കടന്നുകളഞ്ഞത്. ഒളിവിൽ പോയ ഷഫീഖിനെയും അബിനെയും ആര്യനാട് നാട്ടുകാർ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു.
പ്രതികൾ മുഖ്യമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ തലയിൽ കല്ലുകൊണ്ടിടിച്ച് കിണറ്റിൽ തള്ളിയിട്ടിരുന്നു. പണി നടക്കുന്ന വീട്ടിൽ ഷെഫീക്കും അബിനും ഒളിവിൽ താമസിക്കുന്നതിനിടയിൽ രാവിലെ വീട്ടുടമസ്ഥൻ കോൺക്രീറ്റിൽ വെള്ളമൊഴിക്കാൻ വന്നപ്പോൾ പ്രതികൾ ഇവരെ കാണുകയും വീട്ടുടമസ്ഥന്റെ തലയിൽ കല്ലുകൊണ്ട് ഇടിച്ചതിനുശേഷം കിണറ്റിൽ തള്ളിയിടുകയും ചെയ്തു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് അന്ന് ഷെഫീക്കിനെയും അബിനെയും പിടികൂടി പൊലീസിലേൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.