യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അറസ്റ്റിൽ. അട്ടകുളങ്ങര ടി.സി 39/2211 ശ്രീവള്ളിയിൽ ഗോപീകൃഷ്ണൻ ആണ് (31) അറസ്റ്റിലായത്. ഭാര്യ ദേവിക ആണ് (22) കഴിഞ്ഞ 17ന് മരിച്ചത്. മൂന്നു മാസം ഗർഭിണിയായിരുന്നു ദേവിക. നിരന്തരമുള്ള ഭർതൃപീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ശ്രീചിത്രയിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറപ്പിസ്റ്റായ ഗോപീകൃഷ്ണൻ കഴിഞ്ഞ കുറെനാളുകളായി ദേവികയെ മർദിക്കുന്നത് പതിവായിരുന്നെന്ന് പൊലീസിന് തെളിവ് ലഭിച്ചു. മർദനമേറ്റ് ദേവിക ആശുപത്രിയിൽ ചികിത്സതേടിയ രേഖകളും പൊലീസ് ശേഖരിച്ചു. ഒരു ചെവിയുടെ കേൾവി ശേഷി 40 ശതമാനം നഷ്ടപ്പെട്ടിരുന്നെന്നും പൊലീസ് അറിയിച്ചു.
ഫോർട്ട് പൊലീസ് സി.ഐ രാകേഷിന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേവികയുടെ പിതാവ് ബാബു നൽകിയ പരാതി പ്രകാരമാണ് പൊലീസ് അന്വേഷണം നടത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തത്.
2021 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് ദേവികയുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ദേവിക മരിച്ച വീട്ടിൽ പൊലീസ് എത്തി ഭർത്താവ് ഗോപീകൃഷ്ണന്റെയും വീട്ടിലുള്ളവരുടെയും മൊഴി രേഖപ്പെടുത്തി. ദേവികയുടെ മൊബൈൽ ഫോണും പൊലീസ് പരിശോധിച്ചിരുന്നു. ശാസ്തമംഗലം പൈപ്പിൻമൂട് അർച്ചന ഫ്ലവർ ആൻഡ് ഓയിൽ മിൽ ഉടമ ബാബുവിന്റെയും മീനാകുമാരിയുടെയും മകളാണ് ദേവിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.