ബ്ലഡ് ബാങ്കിന് മുന്നിലെ വരി നീളുന്നു; രക്തസമ്മർദം ഉയര്‍ന്ന് രോഗികള്‍
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കിന് മുന്നിലെ വരിയിൽ പൊറുതിമുട്ടി രോഗികളും ബന്ധുക്കളും. അത്യാവശ്യ ഘട്ടങ്ങളില്‍ പരിശോധനകള്‍ക്കും രക്തം സ്വീകരിക്കുന്നതിനും നല്കുന്നതിനുമെത്തി വരിയില്‍ നില്ക്കുന്ന രോഗികളുടെ രക്തസമ്മര്‍ദനില ഉയരുകയാണെന്നാണ് പൊതുവെയുള്ള ആക്ഷേപം.
ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗത്തിന് മുന്നിലാണ് ഇപ്പോഴത്തെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കില്‍ രാവിലെമുതല്‍ തിക്കും തിരക്കുമാണ്. ഇവിടെ തന്നെയാണ് പ്രധാനപ്പെട്ട ലാബും പ്രവര്‍ത്തിക്കുന്നത്.
കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാരും വയോധികരുമാണ് പൊരിവെയിലില്‍ വരിയില്‍നിന്ന് ബുദ്ധിമുട്ടുന്നത്. പലപ്പോഴും വരിയുടെ നീളം 50 മുതല്‍ 75 മീറ്റര്‍ വരെയാണ്. വരിയില്‍നിന്ന് തല ചുറ്റി വീഴുന്നവരുടെ എണ്ണവും കുറവല്ല. വരിയില്‍ കയറിപ്പറ്റുന്നതിനുള്ള ആവേശത്തിനിടെ പലപ്പോഴും സംഘര്‍ഷവും ഉണ്ടാകുന്നു.
രോഗികളെ വാര്‍ഡില്‍ തനിച്ചാക്കി രക്തസാമ്പിള്‍ നല്‍കാനെത്തുന്ന ബന്ധുക്കളും കൂട്ടിരിപ്പുകാരും പലപ്പോഴും മണിക്കൂറുകളോളം വരിയില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ട്. സര്‍ജറിക്കാവശ്യമായ രക്തശേഖരണത്തിന് ഇവിടെയെത്തുന്നവരുടെ കാര്യം പറയേണ്ടതുമില്ല.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ബ്ലഡ് ബാങ്കിലെ വരി നീളുന്നതിനുള്ള പ്രധാന കാരണം. ഇവിടെ രണ്ട് ജീവനക്കാരെ മാത്രമാണ് ഫ്രണ്ട് ഓഫിസിലെ കൗണ്ടറില്‍ സേവനത്തിനായി നിയമിച്ചിട്ടുള്ളത്. ഇത് വർധിപ്പിച്ച് അഞ്ചാക്കണമെന്നാണ് പ്രധാന ആവശ്യം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 28 വാര്‍ഡുകളിലെയും രോഗികള്‍ സേവനത്തിനായെത്തുന്നത് ഇവിടെതന്നെയാണ്. ഇതിനു പുറമേ സൂപ്പര്‍ സ്പെഷാലിറ്റി, മള്‍ട്ടി സ്പെഷാലിറ്റി, എസ്.എ.ടി എന്നീ വിങ്ങുകളില്‍ നിന്നുകൂടി രോഗികള്‍ എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് സ്ഥിതി രൂക്ഷമാക്കുന്നത്.
ആശുപത്രിക്കുമുന്നില്‍ പേവാര്‍ഡിന് സമീപത്തായി മറ്റ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട പരിശോധനകള്‍ നടത്തുന്നത് ഇവിടെ തന്നെയാണ്. അതാണ് തിരക്ക് വർധിക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന്. കൂടുതല്‍ ജീവനക്കാരെ അടിയന്തരമായി നിയമിച്ച് രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കണമെന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും രോഗികളും ബന്ധുക്കളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.