ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് വയോധികയിൽ നിന്ന് തട്ടിയെടുത്ത വിൽപ്പനക്കാരൻ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഒരുകോടി രൂപയുടെ ഒന്നാം സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് 1200 രൂപക്ക് കൈക്കലാക്കിയ ലോട്ടറി വിൽപ്പനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണൻ (45) ആണ് പിടിയിലായത്. മ്യൂസിയം ജങ്ഷന് സമീപം തൊപ്പികളും മറ്റും കച്ചവടം ചെയ്യുന്ന സുകുമാരിഅമ്മയെയാണ് ഇയാൾ കബളിപ്പിച്ചത്.
14ന് കണ്ണൻ സുകുമാരിഅമ്മക്ക് വിറ്റ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് ഒന്നാംസമ്മാനമായ ഒരു കോടി രൂപ അടിച്ചിരുന്നു. എഫ്.ജി 348822 നമ്പറിനായിരുന്നു സമ്മാനം. ഇതേ സീരീസിലുള്ള 12 ലോട്ടറികൾ സുകുമാരി അമ്മ എടുത്തിരുന്നു. എന്നാൽ, ഒന്നാം സമ്മാനം അടിച്ച കാര്യം കണ്ണൻ സുകുമാരിഅമ്മയെ അറിയിച്ചില്ല.
ഒരേ സീരീസിലുള്ള 12 ലോട്ടറികൾക്ക് 100 രൂപ വീതം 1200 രൂപ അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ച് ടിക്കറ്റ് കൈക്കലാക്കുകയായിരുന്നു. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും ഇയാൾ തിരികെനൽകി.
തനിക്ക് ഒന്നാംസമ്മാനമടിച്ചെന്ന് കണ്ണൻ മറ്റുള്ളവരോട് പറഞ്ഞതിനെ തുടർന്നാണ് സംശയമുണ്ടായത്. തുടർന്നാണ് ടിക്കറ്റ് കബളിപ്പിച്ച് കൈക്കലാക്കിയ കാര്യം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ സുകുമാരിയമ്മ മ്യൂസിയം പൊലീസിൽ പരാതിനൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.