ചൊവ്വാഴ്ച രാത്രിയില്‍ കനകക്കുന്നില്‍ ചന്ദ്രനിറങ്ങും
text_fieldsതിരുവനന്തപുരം: മനുഷ്യരുടെ എക്കാലത്തെയും മഹാവിസ്മയമായ ചാന്ദ്രഗോളത്തെ അടുത്തറിയാൻ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള അവസരമൊരുക്കുന്നു. ബ്രിട്ടിഷുകാരനായ ലൂക്ക് ജെറം എന്ന ഇൻസ്റ്റലേഷൻ കലാകാരൻ സൃഷ്ടിച്ച ഭീമാകാരമായ ചാന്ദ്രമാതൃക ഡിസംബർ അഞ്ചിന് രാത്രി കനകക്കുന്നിൽ പ്രദർശിപ്പിക്കും. ചന്ദ്രന്റെ അനവധി ഫോട്ടോകളുടെകൂടി പ്രദർശനമായിരിക്കും 'മ്യൂസിയം ഓഫ് ദ മൂൺ' എന്ന ഇൻസ്റ്റലേഷൻ. ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ കാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയിട്ടുള്ളത്.
അവ ചേർത്ത് 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോളജി സയൻസ് സെന്ററിലാണ്. ഇരുപതു വർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളിൽ ഇത് പ്രദർശിപ്പിച്ചുകഴിഞ്ഞു. കേരളത്തിലെ ആദ്യത്തേയും ഇൻഡ്യയിലെ രണ്ടാമത്തേയും പ്രദർശനമാണ് കനകക്കുന്നിൽ ഒരുങ്ങുന്നത്. വൈകിട്ട് അഞ്ചിന് മന്ത്രിയും ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ സംഘാടക സമിതി ചെയർമാനുമായ കെ.എം. ബാലഗോപാൽ പ്രദർശനം ഉദ്ഘാടനം ചെയ്യും. പുലർച്ചെ നാലു വരെ കനകക്കുന്നിൽ ചന്ദ്രൻ ഉദിച്ചുനിൽക്കും. ഇതോടനുബന്ധിച്ച് വിവിധ മല്‍സരങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.