നഗരത്തിൽ വീണ്ടും പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങും
text_fieldsതിരുവനന്തപുരം: ജനത്തെ വലച്ച് നഗരത്തിൽ വീണ്ടും പൈപ്പ് പൊട്ടി. അടുത്തിടെയായി നഗരത്തിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാകുകയാണ്. അരുവിക്കരയിൽനിന്ന് മൺവിള ടാങ്കിലേക്കുള്ള അമ്പലംമുക്ക്-വയലിക്കട റോഡിൽ സാന്ത്വന ആശുപത്രിക്ക് സമീപത്തുള്ള 900 എം.എം പൈപ്പാണ് ചൊവ്വാഴ്ച പൊട്ടിയത്.
ഉച്ചയോടെ ഈ ഭാഗത്ത് ചോർച്ച കണ്ടെത്തിയിരുന്നു. ഇതുവഴി രണ്ട് ലൈനുകളാണ് കടന്നുപോകുന്നത്. ചെറിയ ലൈനുകൾ അടച്ച് ആദ്യം പരിശോധിച്ചെങ്കിലും ചോർച്ചയുടെ ഉറവിടം കണ്ടെത്താനായില്ല. തുടർന്ന് പ്രധാന ലൈനിൽ മണിക്കൂറുകൾ നീണ്ട പരിശോധനയിലാണ് പൈപ്പ് പൊട്ടിയതാണെന്ന് മനസ്സിലായത്.
രാത്രിയോടെ പൈപ്പ് ലൈൻ അടച്ച് വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണി തുടങ്ങി. പൈപ്പ് പൂർണമായും മാറ്റേണ്ടിവരുന്നതിനാൽ ബുധനാഴ്ച രാത്രി 10 വരെ കുടിവെള്ള വിതരണം മുടങ്ങുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ (നോർത്ത്) പറഞ്ഞു.
ഈ ഭാഗത്ത് പൈപ്പിന് 27 വർഷത്തെ പഴക്കമുണ്ട്. ഇവിടെ മുമ്പും പലതവണ പൈപ്പ് പൊട്ടിയിട്ടുണ്ട്. അപ്രതീക്ഷിതമായി പൈപ്പ് പൊട്ടിയതോടെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടി. ജലവിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയതല്ലാതെ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ബദൽ സംവിധാനങ്ങളൊന്നും വാട്ടർ അതോറിറ്റി ഏർപ്പെടുത്തിയിട്ടുമില്ല.
ബുധനാഴ്ച രാത്രി പത്തുവരെ കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, കരിയം, ശ്രീകാര്യം, പൗഡിക്കോണം, ചെല്ലമംഗലം, ഞാണ്ടൂർക്കോണം, മണ്ണന്തല, ചെമ്പഴന്തി, പാങ്ങപ്പാറ, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപാർക്ക്, മൺവിള, കുഴിവിള, തൃപ്പാദപുരം, കുളത്തൂർ, പള്ളിപ്പുറം സി.ആർ.പി.എഫ്, പോങ്ങുംമൂട്, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക.
ജനങ്ങൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി പബ്ലിക് ഹെൽത്ത് ഡിവിഷൻ (നോർത്ത്) എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.