പൊലീസുകാരെ വിട്ടുനൽകുന്നില്ല; ഡിവൈ.എസ്.പിയും എസ്.പിയും തമ്മിൽ 'പോര്'
text_fieldsതിരുവനന്തപുരം: 15 വർഷമായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ (എസ്.സി.ആർ.ബി) വർക്ക് അറേഞ്ച്മെന്റിൽ പ്രവർത്തിക്കുന്ന ടെലികമ്യൂണിക്കേഷൻ പൊലീസ് കോൺസ്റ്റബിൾമാരെ വിട്ടുനൽകാത്തതിനെ ചൊല്ലി ടെലികമ്യൂണിക്കേഷൻ എസ്.പിയും എസ്.സി.ആർ.ബി ഡിവൈ.എസ്.പിയും തമ്മിൽ 'പോര്'. ചട്ടവിരുദ്ധമായി പൊലീസ് ആസ്ഥാനത്ത് പണിയെടുക്കുന്ന ഉദ്യോഗസ്ഥരെ എത്രയും വേഗം മടക്കി അയക്കണമെന്ന് എസ്.പി ആവശ്യപ്പെട്ടെങ്കിലും ഒരാളെ ഒഴികെ മറ്റുള്ളവരെയെല്ലാം മടക്കാം എന്ന ഡിവൈ.എസ്.പി കരുണാകരന്റെ മറുപടിയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ മൂക്കിന് താഴെ പുതിയൊരു അധികാര പോരിന് തുടക്കമിട്ടിരിക്കുന്നത്.
മൂന്ന് വർഷത്തിൽ കൂടുതൽ പൊലീസിന്റെ ഇതരവിഭാഗങ്ങളിൽ വർക്ക് അറേഞ്ച്മെന്റിൽ പ്രവർത്തിക്കുന്നവരെ സ്വന്തം യൂനിറ്റുകളിലേക്ക് മടക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരമാണ് അഞ്ച് വർഷം മുതൽ 15 വർഷം വരെ വിവിധ യൂനിറ്റുകളിൽ തുടർച്ചയായി സേവനം അനുഷ്ഠിച്ചുവരുന്ന പൊലീസ് കോൺസ്റ്റബിൾമാരെ തിരികെ വിളിക്കാൻ ടെലി കമ്യൂണിക്കേഷൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സംസ്ഥാന ക്രൈം റെക്കോഡ് ബ്യൂറോയിൽ നിന്ന് 10 പൊലീസുകാരെ സ്ഥലംമാറ്റിക്കൊണ്ട് ഈ മാസം ഒന്നിന് ടെലികമ്യൂണിക്കേഷൻ എസ്.പി നവനീത് ശർമ ഉത്തരവിറക്കി. പക്ഷേ തിരുവനന്തപുരം സിറ്റിയിലേക്ക് സ്ഥലംമാറ്റിയ എ. സമീർ ഒഴികെയുള്ളവരെ മടക്കി അയക്കാമെന്ന മറുപടിയാണ് ഡിവൈ.എസ്.പി കരുണാകരൻ നൽകിയത്.
കഴിഞ്ഞ 10 വർഷമായി സ്ഥിരം എസ്.സി.ആർ.ബിയിൽ നിൽക്കുന്ന സമീറിനെ മടക്കി അയക്കാത്തത് ചട്ടവിരുദ്ധമാണെന്ന് എസ്.പി അറിയിച്ചെങ്കിലും തൃപ്തികരമായ മറുപടിയല്ല ഡിവൈ.എസ്.പിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ ഈ മാസം 20ന് വീണ്ടും എസ്.പി കത്ത് നൽകിയതോടെയാണ് ആഭ്യന്തരവകുപ്പിലെതന്നെ രണ്ട് വിഭാഗങ്ങൾ തമ്മിൽ പോര് രൂക്ഷമായത്. സമീറിനെ വിട്ടുനൽകുന്നതിൽ ഏതെങ്കിലും തരത്തിലുള്ള അലംഭാവം ഉണ്ടായാൽ വിഷയം ഗൗരവമായി കാണുമെന്ന് എസ്.പി കത്തിലൂടെ ഡിവൈ.എസ്.പിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊലീസ് ടെലികമ്യൂണിക്കേഷനിൽ ടെക്നിക്കൽ കേഡറിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി 183 യൂനിറ്റുകൾ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം രൂപവത്കരിച്ചെങ്കിലും ഇവിടങ്ങളിൽ മതിയായ ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. പലരും ജോലിഭാരവും ദൂരക്കൂടുതലും കണക്കാക്കി ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സുരക്ഷിത ലാവണങ്ങളിൽ ഒതുങ്ങുകയാണ് പതിവ്. ജീവനക്കാരുടെ കുറവ് പ്രവർത്തനങ്ങളെ ബാധിച്ചതോടെയാണ് പൊലീസ് ആസ്ഥാനത്ത് അടക്കം വർഷങ്ങളായി ചട്ടവിരുദ്ധമായി തുടരുന്ന പൊലീസുകാരെ തിരികെ വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.