പൊലീസ് നോക്കുകുത്തി; 'തലസ്ഥാനത്ത്' ഗുണ്ടകൾ അരങ്ങുവാഴുന്നു
text_fields
തിരുവനന്തപുരം: ഗുണ്ടകളുടെ സ്വന്തം നാടായി കേരളവും തലസ്ഥാനമായി തിരുവനന്തപുരവും. രണ്ടുമാസത്തിനിടെ 21 ഗുണ്ടാ ആക്രമണങ്ങൾ; ഒരു കൊലപാതകം. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് കേരള തലസ്ഥാനം. ഗുണ്ടാ ആക്രമണക്കേസുകളിൽ പൊലീസ് കൃത്യമായി ഇടപെടാത്തതിനാൽ എതിർസംഘം പക തീർത്ത രണ്ടുസംഭവങ്ങളാണ് സംസ്ഥാന പൊലീസ് മേധാവിയുടെ മൂക്കിനുതാഴെ ഒരുമാസത്തിനിടെയുണ്ടായത്.
പോത്തൻകോട് കല്ലൂരിൽ വധശ്രമക്കേസ് പ്രതി സുധീഷിനെ വീടുവളഞ്ഞ് വെട്ടിക്കൊന്ന ശേഷം കാലുവെട്ടി നടുറോഡിലെറിഞ്ഞത് ഡിസംബർ 11നാണ്. 11 പേരടങ്ങുന്ന സംഘമാണ് 11ന് ഉച്ചയോടെ സുധീഷിനെ തിരഞ്ഞ് വീട്ടിലെത്തുകയും ഒളിക്കാനായി സുഹൃത്തിെൻറ വീട്ടിൽ കയറിയപ്പോൾ കൊലപ്പെടുത്തുകയും ചെയ്തത്. ശേഷം കാൽ വെട്ടിയെടുത്ത് റോഡിൽ വലിച്ചെറിഞ്ഞു. ഡിസംബർ ആറിന് ആറ്റിങ്ങൽ മങ്കാട്ടുകവലയിൽ നടന്ന വധശ്രമത്തിലെ മൂന്നാംപ്രതിയായിരുന്നു സുധീഷ്. അന്ന് സുധീഷും സംഘവും രണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. സുധീഷ് ഒഴികെ നാലുപേർ അറസ്റ്റിലായി. എന്നാൽ സുധീഷ് ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാൻ പൊലീസിനായില്ല. സുധീഷിനെ കണ്ടെത്താൻ പേരുകേട്ട ഷാഡോ സംഘത്തിനും ആയില്ല. ഒളിവിലാണെന്ന് പൊലീസ് പറഞ്ഞയാളെയാണ് എതിർസംഘം കണ്ടെത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ചുപോയ സിവിൽ പൊലീസ് ഓഫിസർ ബാലു മുങ്ങിമരിച്ചു. സംഭവം നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ് കേസിലെ എല്ലാപ്രതികളെയും പിടികൂടാനായത്.
മംഗലപുരത്ത് യുവാവിനെ ആക്രമിച്ച പ്രതിയെ റിമാൻഡ് ചെയ്യാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെത്തുടർന്ന് ഒരുസംഘം വീട്ടിലെത്തി വെട്ടിയ സംഭവമാണ് മറ്റൊന്ന്. ഇതിെൻറ എല്ലാം അവസാനമാണ് പൊതുജനമധ്യത്തിൽ തന്നെ വ്യാഴാഴ്ച പോത്തൻകോട് അച്ഛനെയും 17കാരിയായ മകളെയും ഗുണ്ടാസംഘം വാഹനം തുറന്ന് ആക്രമിച്ചത്. 1500ൽ ഏറെ തടവുകാരാണ് കോവിഡിെൻറ പേരിൽ ലഭിച്ച ഇളവിൽ ജയിലിന് പുറത്ത് വിഹരിക്കുന്നത്. അക്രമം നടത്തുകയും പ്രത്യാക്രമണമുണ്ടാകാതിരിക്കാൻ ജയിലിെൻറ സുരക്ഷിതത്വത്തിലേക്ക് രക്ഷപ്പെടുകയും ചെയ്യുന്ന രീതിയാണ് ഗുണ്ടകൾ സ്വീകരിച്ചിരുന്നത്. പുറത്തുകഴിയുന്നത് ജീവന് ആപത്താണെന്ന് മനസ്സിലാക്കി ജയിലിൽ തിരിച്ചുകയറാൻ അക്രമം നടത്തുന്നവരുമുണ്ട്. പുത്തൻതോപ്പിൽ ഗുണ്ടാപ്പിരിവ് ചോദിച്ച് മൂന്നുപേരെ വെട്ടിയ കേസിലെ പ്രതികൾ തന്നെയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.
മന്ത്രിമാർക്കും തലങ്ങും വിലങ്ങും സുരക്ഷയൊരുക്കുന്ന പൊലീസ് പൊതുജനത്തിെൻറ സുരക്ഷക്ക് എന്ത് ചെയ്യുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. തുടർച്ചയായി കേസിൽ പ്രതികളാകുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന നടപടികൾ കാര്യക്ഷമമല്ല. നവംബർ 30വരെ പൊലീസ് നൽകിയ145 പേരുടെ പട്ടികയിൽ 39 പേർക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. കരുതൽ തടങ്കൽ പട്ടികയിൽ കലക്ടർമാർ ഉത്തരവിടാൻ മടിക്കുന്നുവെന്നാണ് പരാതി.
പ്രധാന ആക്രമണങ്ങൾ
കഴക്കൂട്ടം ഉള്ളൂർകോണത്ത് കട നടത്തുന്ന റംലാബീവിയുടെ കഴുത്തിൽ വാൾ െവച്ച് ഭീഷണി. കോഴിക്കടയും ഇരുചക്ര വാഹനങ്ങളും 3 വീടുകളും അടിച്ചുതകർത്തു. പ്രതി അറസ്റ്റിലായി.
തുമ്പ പൊലീസ് സറ്റേഷൻ പരിധിയിൽ സി.പി.എം നേതാവിെൻറ വീടിനുനേരെ മൂന്നംഗ ഗുണ്ടാസംഘം നാടൻ ബോംബെറിഞ്ഞു. പ്രതികൾ അറസ്റ്റിലായി.
മംഗലപുരം സ്റ്റേഷൻ പരിധിയിലെ കണിയാപുരത്ത് ഭക്ഷണം വാങ്ങാനെത്തിയ യുവാവിന് ക്രൂരമർദനം. സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും കേസെടുത്തില്ല. മാധ്യമവാർത്തയെത്തുടർന്ന് കേസെടുത്തെങ്കിലും പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കണിയാപുരത്തെ അക്രമക്കേസിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പ്രതിയെ ഒരുസംഘം വീടുകയറി ആക്രമിച്ചു. കേസിൽ അനാസ്ഥ കാണിച്ച എസ്.ഐക്ക് സസ്പെൻഷൻ.
മംഗലപുരത്ത് ബിരുദ വിദ്യാർഥിയെ ലഹരിമാഫിയ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും മൊബൈൽ ഫോണും അപഹരിച്ചു. 4 പേർ അറസ്റ്റിലായി.
കഠിനംകുളം സ്റ്റേഷൻ പരിധിയിലെ പുത്തൻതോപ്പിൽ ഗുണ്ടാപ്പിരിവു നൽകാത്തതിന് അക്രമം. മൂന്ന് പേർക്ക് വെട്ടേറ്റു. കോഴിക്കട അടിച്ചുതകർത്തു. പ്രതികൾ അറസ്റ്റിലായി.
ബാലരാമപുരം മുക്കമ്പാലമൂടിന് സമീപം ജ്വല്ലറിയുടമയുടെ വീടിനുനേരെ ഗുണ്ടാ ആക്രമണം. കാറിെൻറയും വീടിെൻറയും ഗ്ലാസ് തകർത്തു.
നെയ്യാറ്റിൻകര ആലുമൂട്ടിൽ നാലംഗസംഘം വീടുകയറി ആക്രമിച്ച് ഓട്ടോ തൊഴിലാളിയെ വെട്ടിപ്പരിക്കേൽപിച്ചു.
ബാലരാമപുരം റസൽപുരത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘം രണ്ടുപേരെ വെട്ടി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആക്രമികൾ 16 വാഹനങ്ങൾ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. ഒരാൾ അറസ്റ്റിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.